ചണ്ഡീഗഢ്- ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ ഒരു മുതിര്‍ന്ന ബിജെപി നേതാവ് തനിക്ക് പണവും മന്ത്രിപദവിയില്‍ വാഗ്ദാനം നല്‍കിയെന്ന് എഎപിയുടെ ഏക ലോക്‌സഭാ എംപിയും പഞ്ചാബിലെ പാര്‍ട്ടി അധ്യക്ഷനുമായ ഭഗ്‌വന്ത് സിങ് മാന്‍. പഞ്ചാബിലെ എഎപി എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാനുള്ള നീക്കമാണ് ബിജെപിയുടേതെന്നും സമാന വാഗ്ദാനങ്ങള്‍ മറ്റു എംഎല്‍എമാര്‍ക്കും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എത്ര പണം വേണമെന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് തന്നോട് ചോദിച്ചത്. എഎപിയുടെ ഏക എംപി (ലോക്‌സഭ) ആയതിനാല്‍ കൂറുമാറ്റ നിരോധന നിയമം പ്രശ്‌നമാകില്ലെന്നും കേന്ദ്ര മന്ത്രിസഭയില്‍ ഇടം നല്‍കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്‌തെന്നും ഭഗ്‌വന്ത് സിങ് പറഞ്ഞു.
എഎപിയെ പഞ്ചാബില്‍ ചോരയും നീരും നല്‍കി വളര്‍ത്തിയത് താനാണെന്നും പാര്‍ട്ടിയെ ഉപേക്ഷിക്കില്ലെന്നും ഈ വാഗ്ദാനം താന്‍ നിരസിച്ചതായും അദ്ദേഹം പറഞ്ഞു. സംഗ്രുറില്‍ നിന്നുള്ള എംപിയാണ് ഭഗ്‌വന്ത് സിങ് മാന്‍. എഎപിയുടെ എംഎല്‍എമാരേയും ഭാരവാഹികളേയും ബിജെപി സമീപിച്ചിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും അവ പുറത്തുകൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.