കണ്ണൂര്‍- കേഡര്‍ പാര്‍ട്ടിയെന്ന നിലയില്‍ സി.പി.എമ്മിന് പിന്നാലെ സഞ്ചരിച്ച കെ.പി.സി.സി.പ്രസിഡണ്ട് കെ.സുധാകരന്റെ വിജയമായി ഇന്ദിരാജി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്. കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരനെ വെല്ലുവിളിച്ച് മത്സര രംഗത്തിറങ്ങിയ മമ്പറം ദിവാകരന് സമ്പൂര്‍ണ പരാജയം.
കോണ്‍ഗ്രസിനെ കേഡര്‍ പാര്‍ട്ടിയാക്കുമെന്ന കെ.സുധാകരന്റെ പ്രഖ്യാപനത്തെ പരിഹാസത്തോടെയാണ് കേരളത്തിലെ രാഷ്ട്രീയ സമൂഹം ആദ്യം വിലയിരുത്തിയത്. എന്നാല്‍ ഡി.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പു മുതല്‍ ഈ കാര്യം പ്രായോഗിക തലത്തില്‍ നടപ്പാക്കി വരികയായിരുന്നു കെ.സുധാകരന്റെ നേതൃത്വത്തിലുള്ള കെ.പി.സി.സി.
ആശുപത്രി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കെ.പി.സി.സി പ്രസിഡണ്ടിനെതിരായി മാധ്യമങ്ങളിലുടെ വ്യക്തിപരമായി ആക്ഷേപമുയര്‍ത്തിയിട്ടും ദിവാകരന്‍ രക്ഷപ്പെട്ടില്ല. ഒരര്‍ത്ഥത്തില്‍ മമ്പറം ദിവാകരന്റെ രാഷ്ട്രീയ ജീവിതത്തിനാണ് തിരശ്ശീല വീഴുന്നത്. 29 വര്‍ഷത്തെ ഭരണത്തിന് ശേഷം മമ്പറം ദിവാകരന്‍ ആശുപത്രിയുടെ തലപ്പത്ത് നിന്ന് പടിയിറങ്ങുമ്പോള്‍ കെ.സുധാകരന് ഇതൊരു വലിയ രാഷ്ട്രീയ വിജയമാണ്.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി ഭരിക്കുന്നവരെ തടയുമെന്ന കെപിസിസി പ്രഖ്യാപനത്തിന്റെ പരീക്ഷണ ശാലയായിരുന്നു ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്. വര്‍ഷങ്ങളായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മമ്പറം ദിവാകരനെ താഴെയിറക്കാനാണ് കെ.സുധാകരന്‍ മുന്‍കൈയെടുത്ത് ഔദ്യോഗിക പാനലിനെ ഇറക്കിയത്.
അയ്യായിരത്തി ഇരുന്നൂറ് വോട്ടര്‍മാരുള്ള സംഘത്തില്‍ ഡയറക്ടര്‍മാരായി എട്ടുപേരെ വീതമാണ് ഇരു പാനലും മത്സരിപ്പിച്ചത്. ഗുണ്ടകളെയിറക്കി കെ സുധാകരന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന മമ്പറം ദിവാകരന്റെ പരാതിയെ തുടര്‍ന്ന് കര്‍ശന പോലീസ് സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികള്‍. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളില്‍ വെച്ചായിരുന്നു വോട്ടിംഗ്. രാവിലെ പത്തുമണിമുതല്‍ വൈകിട്ട് നാലുവരെയായിരുന്നു വോട്ടിംഗ് നിശ്ചയിച്ചിരുന്നതെങ്കിലും ആറര വരെ നടപടികള്‍ തുടര്‍ന്നു.
ഈ തെരഞ്ഞെടുപ്പു ഫലത്തോടെ മമ്പറം ദിവാകരന്റെ രാഷ്ട്രീയ ഭാവിക്ക് തിരശ്ശീല വീഴുകയും സുധാകരന്‍ പാര്‍ട്ടിയില്‍ കുടുതല്‍ കരുത്തനാവുകയുമാണ്. സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച മമ്പറം ദിവാകരനെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാന്‍ സി.പി.എമ്മിന് കഴിയില്ല. എന്‍.സി.പി യില്‍ നിന്നടക്കം ഓഫറുകള്‍ ഉണ്ടന്ന് മമ്പറം തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ എന്‍.സി.പി യിലേക്കോ, അതുമല്ലെങ്കില്‍ കോണ്‍ഗ്രസ് എ സി ലേക്കോ ആവും മമ്പറം ദിവാകരന്റെ യാത്ര. ഇതിലൂടെ ഇടതു മുന്നണിയിലെത്തിയാല്‍ രാഷ്ട്രീയ ഭാവി ഭദ്രമാവും. എന്നാല്‍ ഇതും അത്ര എളുപ്പമാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.