Sorry, you need to enable JavaScript to visit this website.

മമ്പറത്തെ താഴെയിറക്കി യു.ഡി.എഫിന് വന്‍ ജയം

കണ്ണൂര്‍- തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാനലിന് ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ നിലവിലുള്ള പ്രസിഡന്റ് മമ്പറം ദിവാകരന്റെ പാനലിനെ പരാജയപ്പെടുത്തിയാണ് യു.ഡി.എഫിന്റെ ജയം. മത്സരം നടന്ന 12 സീറ്റിലും യു.ഡി.എഫ് ജയിച്ചു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഹകരണ ആശുപത്രിയുടെ ദീര്‍ഘകാല പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനും ഡി.സി.സി നേതൃത്വവും തമ്മിലുള്ള അകല്‍ച്ചയെ തുടര്‍ന്നാണ് ഭരണസമിതിയിലേക്ക് വോട്ടെടുപ്പ് വേണ്ടിവന്നത്. പാര്‍ട്ടി നിര്‍ദേശിച്ച വ്യക്തികളെ പാനലില്‍ ഉള്‍പ്പെടുത്താതിരുന്നതിനെത്തുടര്‍ന്ന് മമ്പറം ദിവാകരനെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ പുറത്താക്കിയതോടെയാണ് പ്രശ്നം രൂക്ഷമായത്. 29 വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് മമ്പറം ദിവാകരന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്.

പാര്‍ട്ടിയുടെ ഔദ്യോഗിക പാനലിനെതിരേ മറ്റൊരു പാനല്‍ എന്ന പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ്  അദ്ദേഹത്തെ പുറത്താക്കിയത്. 5284 അംഗങ്ങളാണ് ആശുപത്രി സംഘത്തിലുള്ളത്. 4318 പേര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റിയിരുന്നു.

മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളില്‍ ഞായറാഴ്ച രാവിലെ ഒന്‍പതുമുതല്‍ വൈകുന്നേരം നാലുവരെയായിരുന്നു തെരഞ്ഞെടുപ്പ്. എട്ട് ജനറല്‍, മൂന്ന് വനിത, ഒരു പട്ടികജാതി, പട്ടികവര്‍ഗ സംവരണം ഉള്‍പ്പെടെ 12 സീറ്റുകളിേലക്കായിരുന്നു മത്സരം. ഇതില്‍ ഡോക്ടര്‍മാരുടെ വിഭാഗത്തില്‍നിന്ന് ഡോ. രഞ്ജിത്ത് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

കൂത്തുപറമ്പ്, ധര്‍മടം, തലശ്ശേരി മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലുള്ളവരാണ് വോട്ടര്‍മാരില്‍ ഭൂരിഭാഗവും. ഇവരിലേറെയും കോണ്‍ഗ്രസ് അനുഭാവികളുമാണ്. ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പില്‍ പ്രത്യക്ഷത്തില്‍ സി.പി.എം ഇടപെട്ടിരുന്നില്ല. സ്ഥലത്ത് ശക്തമായ പോലീസ് കാവലുണ്ടായിരുന്നു.

 

Latest News