ന്യൂദല്‍ഹി- നാഗാലാന്‍ഡില്‍ സുക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 ഗ്രാമീണരും സൈനികനും കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. കേന്ദ്ര സര്‍ക്കാര്‍ ഇതിന് മറുപടി പറയണമെന്ന് അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. നമ്മുടെ സ്വന്തം മണ്ണില്‍ സാധാരണക്കാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ലാത്തപ്പോള്‍ ആഭ്യന്തര മന്ത്രാലയം എന്തെടുക്കുകയാണെന്നും അദ്ദേഹം ചോദിച്ചു. ശനിയാഴ്ച വൈകീട്ടാണ് നാഗാലാന്‍ഡ് മോണ്‍ ജില്ലയിലെ ഓട്ടിങ് ഗ്രാമത്തില്‍ വെടിവെപ്പുണ്ടായത്. തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ചാണ് ട്രക്കില്‍ സഞ്ചരിച്ചിരുന്ന ഗ്രാമീണര്‍ക്കെതിരെ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. കല്‍ക്കരി ഖനിയില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിനെ അപലപിച്ച് സുരക്ഷാ സേന രംഗത്തെത്തിയിരുന്നു. സംഭവത്തെ കുറിച്ച് പ്രത്യേക ട്രിബ്യൂണല്‍ അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും സുരക്ഷാസേന വ്യക്തമാക്കി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടല്‍ നടത്തിയത്. സുരക്ഷാസേനയിലെ ചില അംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പിനെ അപലപിക്കുകയാണെന്നും ഉന്നത സംഘം അന്വേഷണം നടത്തുമെന്നും നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫു റിയോ പറഞ്ഞു. രാജ്യത്തെ നിയമമനുസരിച്ച് എല്ലാവര്‍ക്കും നീതി ഉറപ്പാക്കും. ജനങ്ങളെല്ലാവരും സംയമനം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വെടിവെപ്പിനെ അപലപിച്ച് രംഗത്തെത്തി. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയാണ്. പ്രത്യേക സംഘം വെടിവെപ്പ് അന്വേഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.