തൊടുപുഴ- അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെ സ്പില്‍വേയിലെ മൂന്നു ഷട്ടര്‍ കൂടി തമിഴ്‌നാട് തുറന്നു. രണ്ടു ഷട്ടറുകള്‍ രാത്രി എട്ടു മണിക്കാണ് തുറന്നത്. രാത്രിയില്‍ അധികജലം തുറന്നു വിടരുതെന്നുള്ള കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് അംഗീകരിച്ചില്ല. നിലവില്‍ 30 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്ന നാലു ഷട്ടറുകളിലൂടെ 1682 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. 1687 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തുകയും തമിഴ് നാട്ടിലേക്ക് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറക്കുകയും ചെയ്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് പെയ്ത മഴ മൂലം നീരൊഴുക്കും കൂടിയിട്ടുണ്ട്.
ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.78 അടിയായി കുറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറക്കുന്നതില്‍ തമിഴ്‌നാടിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശങ്ക അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ കത്തിന് പുല്ലുവില കല്‍പ്പിച്ച് മുല്ലപ്പെരിയാറില്‍ നിന്നും കഴിഞ്ഞ രാത്രിയിലും തമിഴ്‌നാട് വന്‍തോതില്‍ വെള്ളമൊഴുക്കിയിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ അര്‍ധ രാത്രിയില്‍ മുല്ലപ്പെരിയാര്‍ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുന്നത് പെരിയാര്‍ തീരത്തെ ജനങ്ങളില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരക്ക് പെരിയാര്‍ തീരത്തെ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്ന സമയത്താണ് തമിഴ്‌നാട് എട്ടു ഷട്ടറുകള്‍ അറുപത് സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി വെളളം തുറന്നു വിട്ടത്. വിവരമറഞ്ഞ റവന്യൂ ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും ജനപ്രതിനിധികളുമാണ് ഉറങ്ങിക്കിടന്നിരുന്നവരെ വിളിച്ചുണര്‍ത്തി വിവരം അറിയിച്ചത്. ഇതോടെ പരിഭ്രാന്തിയിലായ നാട്ടുകാര്‍ വീടു വിട്ട് റോഡിലേക്കിറങ്ങി. മൂന്നരയോടെ രണ്ടു ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ഇതോടെ തുറന്നുവിട്ട വെള്ളത്തിന്റെ അളവ് എണ്ണായിരം ഘനയടിയിലധികമായി. മഞ്ചുമല ആറ്റോരം, കശ്ശിക്കാട് ആറ്റോരം എന്നിവിടങ്ങളിലെ പത്തു വീടുകളില്‍ വെള്ളം കയറി. കയ്യില്‍ കിട്ടിയതും പെറുക്കി ആളുകള്‍ ഓടി രക്ഷപെട്ടു. ഈ സമയം അനൌണ്‍സ്‌മെന്റുമായെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ വാഹനം പ്രദേശവാസികള്‍ തടഞ്ഞ് തിരിച്ചയച്ചു. ഒപ്പം റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെയും പ്രതിഷേധമുണ്ടായി.അഞ്ചരയോടെ ഷട്ടറുകള്‍ അടച്ചു തുടങ്ങിയപ്പോഴാണ് വീടുകളില്‍ നിന്നും വെളളം ഇറങ്ങിയത്. പിന്നീട് പത്തു മണിയായപ്പോള്‍ വീണ്ടും മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തി. ആശങ്കയിലായ പെരിയാര്‍ തീരദേശ വാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.
ഇതിനിടെ മുല്ലപ്പെരിയാറില്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അലംഭാവം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ചെറുതോണിയില്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസം ഇന്ന് അവസാനിക്കും. രാവിലെ പത്തു മണിക്ക് പി ജെ ജോസഫ് എംഎല്‍എ നാരങ്ങാനീരു നല്‍കി സമരം അവസാനിപ്പിക്കും