കൊച്ചി- പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേഴ്സനൽ സ്റ്റാഫ് അംഗത്തെ പോലീസ് മർദിച്ചതായി പരാതി. കെ.എസ്.യു സംസ്ഥാന സെക്രട്ടറി കൂടിയായ എ.എ. അജ്മലാണ് ആലുവയിൽവെച്ച് തനിക്ക് നേരെ പോലീസ് മർദനമുണ്ടായെന്ന ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11.45 ന് ആലുവ ബാങ്ക് കവലക്ക് സമീപം ഫോൺ ചെയ്ത് നിൽക്കുകയായിരുന്ന തന്നെ പോലീസുകാർ കാരണമില്ലാതെ മർദിച്ചെന്നും ഫോൺ പിടിച്ചുവെച്ച് ഭീഷണിപ്പെടുത്തിയെന്നും അജ്മൽ ആരോപിച്ചു. എന്നാൽ ആരോപണം തെറ്റാണെന്നും രാത്രി 12.30 സമയത്ത് കൂട്ടംകൂടി നിന്നവരെ പറഞ്ഞുവിടാൻ ശ്രമിച്ചപ്പോൾ ഇവരുമായി വാക്കേറ്റം നടക്കുക മാത്രമാണ് ചെയ്തതെന്നും പോലീസ് പറയുന്നു.
രാവിലെ അൽ അസർ കോളേജിലെ പ്രതിപക്ഷ നേതാവിന്റെ പരിപാടിയിലേക്ക് മോഫിയയുടെ പിതാവിനെ എത്തിച്ച ശേഷം തന്റെ വാഹനം അവിടെവെച്ച് മറ്റു ചില ആവശ്യങ്ങൾക്കായി പോയിരിക്കുകയായിരുന്നു. ഈ വാഹനം തിരിച്ചെടുക്കാനായാണ് രാത്രി ആലുവയിലെത്തിയത്. കെ. ആർ. ബേക്കറിക്ക് മുന്നിലെ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച് ഞാനും രണ്ട്, മൂന്ന് കെ.എസ്.യു പ്രവർത്തകരും നിൽക്കുമ്പോഴാണ് സ്ഥലത്ത് ബീറ്റ് പോലീസുകാരെത്തിയത്. സമയം 12 കഴിഞ്ഞെന്നും അവിടെ നിന്ന് പോകണമെന്നും അവർ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അവിടെ നിന്ന് കുറച്ചുമാറിയപ്പോഴാണ് ഒരു ഫോൺ കോൾ വന്നത്. ഫോണിൽ സംസാരിച്ച് നിൽക്കുന്നതിനിടെ അവിടെ എത്തിയ പോലീസുകാർ താനാരാണെന്ന് ചോദിച്ചപ്പോൾ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫാണെന്നും കെ.എസ്.യു സംസ്ഥാന ഭാരവാഹിയാണെന്നും പറഞ്ഞു. ഇതോടെ നീ ആരായാലും ഞങ്ങൾക്കെന്താണെന്ന് പറഞ്ഞ് ഐ.ഡി കാർഡ് ആവശ്യപ്പെട്ടു. ഐ.ഡി കാർഡ് എടുക്കുന്നതിനിടെ എന്തിനാണ് ഒച്ചവെക്കുന്നതെന്ന് ചോദിച്ചതിന് പോലീസുകാരെ വിരട്ടുന്നോ എന്നു ചോദിച്ച് ഒരു പോലീസുകാരൻ തന്റെ മുഖത്തിടിച്ചു. ഇത് ചോദ്യം ചെയ്തതോടെ വീണ്ടും മർദിച്ചു. കൂടെയുണ്ടായവരോട് ആരെയെങ്കിലും അറിയിക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ നിലത്തുചവിട്ടിയിട്ട് നെഞ്ചത്തു ചവിട്ടിയെന്ന് അജ്മൽ പറഞ്ഞു.
ഇതിനിടെ സ്ഥലത്തെത്തിയ പോലീസ് പട്രോളിംഗ് സംഘത്തിലെ എ.എസ്.ഐയോട് പോലീസുകാർ മർദിച്ചെന്ന് പറഞ്ഞെങ്കിലും അദ്ദേഹവും ക്ഷുഭിതനായി സംസാരിച്ചു. വാഹനത്തിൽനിന്ന് ചാടിയിറങ്ങിയ മറ്റൊരു പോലീസുകാരൻ അവന്റെ നട്ടെല്ല് ചവിട്ടിയൊടിക്കണമെന്ന് ആക്രോശിച്ചു. നീ ആരെയാണ് ഫോൺ വിളിക്കുന്നതെന്ന് ചോദിച്ച എ.എസ്.ഐ ഫോൺ പിടിച്ചുവാങ്ങി ജീപ്പിനോട് ചേർത്തുനിർത്തി ഇടിച്ചു. അവിടെ നിന്ന് മാറിനിന്ന് തന്നെ വീണ്ടും പോലീസ് വാഹനത്തിനടുത്തേക്ക് വിളിച്ച് നാല് പോലീസുകാർ ചേർന്ന് നിലത്തിട്ട് ചവിട്ടി. പിന്നാലെ പോലീസുകാരോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ടു. ഇത് നിഷേധിച്ച് ഫോൺ തിരിച്ചുവേണമെന്നും അത് എന്റെ അവകാശമാണെന്നും പറഞ്ഞു. ഇതിന്റെ ഇടയിൽ കൂടെയുണ്ടായിരുന്ന ഒരാൾ ഞാൻ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫാണെന്ന് പറഞ്ഞു. അതിന് നിങ്ങളുടെ എം.എൽ.എയെയും എം.പിയെയും വരെ ഞങ്ങൾ റോഡിലിട്ട് തല്ലിയിട്ടുണ്ടെന്നായിരുന്നു പോലീസിന്റെ മറുപടി. ചായ കുടിച്ച കടയിലേക്ക് ഓടിച്ചെന്ന് അവരോട് കാര്യം പറഞ്ഞു. അവിടെവെച്ച് തലകറങ്ങി വീണ തന്നെ പ്രവർത്തകർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചതെന്ന് അജ്മൽ പറയുന്നു.
എന്നാൽ 11.45 ന് വഴിയരികിൽ കൂട്ടം കൂടി നിന്ന ഇവരെ പറഞ്ഞുവിട്ട ബീറ്റ് പോലീസ് 12.30 ആയിട്ടും ഇവർ ഇവിടെ തന്നെ പതുങ്ങി നിൽക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോഴാണ് വാക്കേറ്റമുണ്ടായതെന്ന് പോലീസ് പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന ഇത് വ്യക്തമാണെന്നും മർദനം നടന്നതായി ദൃശ്യങ്ങളിൽ കാണുന്നില്ലെന്നും ആലുവ പോലീസ് വിശദീകരിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ ഡിവൈ.എസ്.പി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.