തിരുവനന്തപുരം- കോവിഡ് വകഭേദമായ ഒമിക്രോൺ വൈറസിനെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർ പ്രതികരിക്കേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശം. വിവരങ്ങൾ പുറത്തു പറയേണ്ടത് ആരോഗ്യ മന്ത്രിയോ ആരോഗ്യ ഡയറക്ടറോ മാത്രമാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്തെങ്കിലും പ്രതികരിക്കാനുണ്ടെങ്കിൽ ഡി.എം.ഒമാർ മുൻകൂട്ടി അനുമതി വാങ്ങണമെന്നുമാണ് നിർദേശിച്ചിരിക്കുന്നത്. ഒമിക്രോൺ വൈറസ് സാന്നിധ്യമുണ്ടെന്ന സംശയത്തിൽ സാമ്പിൾ പരിശോധനയക്ക് അയക്കുന്നതിനെ കുറിച്ച് കോഴിക്കോട് ഡി.എം.ഒ ഡോ.ഉമ്മർഫാറൂഖ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ബ്രിട്ടനിൽ നിന്നു വന്ന ആരോഗ്യ പ്രവർത്തകന്റെയും അമ്മയുടേയും സാമ്പിളുകൾ ജനിതക ശ്രേണി പരിശോധനയ്ക്കായി അയക്കുന്നു എന്നാണ് ഡോ.ഉമ്മർ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ നിർദേശം.