ന്യൂദൽഹി- 52 ലക്ഷം രൂപ വിലയുളള കുതിര, ഒൻപത് ലക്ഷം രൂപ വിലവരുന്ന പേർഷ്യൻ പൂച്ച എന്നിവ അടക്കം പത്തുകോടിയുടെ സമ്മാനങ്ങളാണ് തട്ടിപ്പുവീരൻ സുകേഷ് ചന്ദ്രശേഖർ നടി ജാക്വിലിൻ ഫെർണാണ്ടസിന് സമ്മാനിച്ചതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ദൽഹി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. തിഹാർ ജയിലിൽ കഴിയുന്ന വ്യവസായിയുടെ ഭാര്യയിൽനിന്ന് ചന്ദ്രശേഖർ 200 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ചന്ദ്രശേഖറിന് പുറമെ, നടൻ നോറ ഫതേഹിയുടെ പേരും കുറ്റപത്രത്തിലുണ്ട്. ജാക്വിലിൻ ഫെർണാണ്ടസിന്റെ സഹായിയെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജനുവരിലിയാണ് ജാക്വിലിനും ചന്ദ്രശേഖറും പരിചയത്തിലായത്. പിന്നീട് ജാക്വിലിന് ചന്ദ്രശേഖർ പതിവായി സമ്മാനങ്ങൾ നൽകാൻ തുടങ്ങി. ചന്ദ്രശേഖർ ജയിലിലായിരുന്ന സമയത്തും ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. ചന്ദ്രശേഖർ ജാമ്യത്തിലിറങ്ങിയ ശേഷം ജാക്വിലിന് വേണ്ടി മുംബൈയിൽനിന്ന് ദൽഹിയിലേക്കും ദൽഹിയിൽനിന്ന് ചെന്നൈയിലേക്കും ചാർട്ടേഡ് വിമാനം ബുക്ക് ചെയ്തിരുന്നു. ഇരുവരും പിന്നീട് ചെന്നൈയിലെ ഹോട്ടലിൽ താമസിക്കുകയും ചെയ്തുവെന്നും കുറ്റപത്രത്തിലുണ്ട്. എട്ടുകോടി രൂപയാണ് ചന്ദ്രശേഖർ വിമാനയാത്രക്ക് വേണ്ടി മാത്രം ചെലവിട്ടത്. ജാക്വിലിന്റെ കുടുംബാംഗങ്ങൾക്ക് ഇയാൾ കോടികൾ സമ്മാനിക്കുകയും ചെയ്തു. ഇതിന് പുറമെ, ബി.എം.ഡബ്യു കാർ, ഐ.ഫോൺ എന്നിവയും സമ്മാനിച്ചു.