കണ്ണൂർ- തലേശ്ശേരിയിൽ സ്ഥിതി ആശങ്കാജനകമായതിനാൽ അതീവ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയതായി കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു. തലശ്ശേരി താലൂക്കിലെ നിരോധനാജ്ഞ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി.
താലൂക്കിൽ സ്ഥിതി ആശങ്കാജനകമാണെും വൻതോതിൽ സാമുദായിക രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത കർശനമാക്കിയത്. നഗരത്തിലെയും പരിസരങ്ങളിലെയും മുഴുവൻ പ്രദേശങ്ങളിലും പോലീസ് കാവൽ ശക്തമാക്കും. പട്രോളിംഗും നടത്തും. എസ്.ഡി.പി.ഐ-ബി.ജെ.പി സംഘർഷവുമായി ബന്ധപ്പെട്ട് ശക്തമായ നടപടികൾ സ്വീകരിക്കും. സംഘർഷം അവസാനിപ്പിക്കുതിന് സർവകക്ഷി യോഗം വിളിക്കും. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രകടനത്തിൽ പങ്കെടുത്ത മറ്റുള്ളവർക്കെതിരെയും നടപടിയുണ്ടാകുമെന്നും കമ്മീഷണർ പറഞ്ഞു.