കോഴിക്കോട് - ഒരു മാസം മുമ്പ് ബേപ്പൂർ ബി.സി റോഡിലെ പാണ്ടികശാലകണ്ടി വീട്ടിൽ നിന്ന് സൗദിയിലേക്ക് യാത്ര പറഞ്ഞിറങ്ങിയ പേരക്കുട്ടികൾ ലെബ, സഹ, ലുത്ഫും മരുമകൾ ഷബ്നയും ഇനിയൊരിക്കലും ഇവിടേക്ക് തിരിച്ചുവരാത്ത യാത്ര പറച്ചിലായിപ്പോയെന്ന ദുഃഖത്തിലാണ് വല്യുപ്പ ആലിക്കോയയും വല്യുമ്മയും മറ്റ് കുടുംബാംഗങ്ങളുമെല്ലാം. മകൻ ജാബിർ ലീവ് കഴിഞ്ഞ് മൂന്നു മാസം മുമ്പ് സൗദിയിലേക്ക് മടങ്ങിയെങ്കിലും കോവിഡ് കാരണം മരുമകളും മകന്റെ മക്കളുമെല്ലാം ഒരു മാസം മുമ്പാണ് ദുബൈ വഴി ദമാമിലേക്ക് മടങ്ങിയത്. മക്കളും മരുമക്കളുമെല്ലാമുണ്ടായിരുന്ന കാലത്തെ സന്തോഷ ദിനത്തിന്റെ നല്ല ഓർമകളുള്ള ഈ വീട്ടിലേക്കാണ് ഇന്നലെ ഇടിത്തീ പോലെ മൂത്ത മകൻ ജാബിറും കുടുംബവുമൊന്നാകെ അപകടത്തിൽ ഇഹലോകവാസം വെടിഞ്ഞുവെന്ന വാർത്ത വരുന്നത്.
വർഷങ്ങളോളം ജിദ്ദയിലെ ടയോട്ടാ കമ്പനിയിൽ ജീവനക്കാരനായിരുന്നു ആലിക്കോയ. പിന്നീട്, മരണപ്പെട്ട ജബ്ബാറും സഹോദരനും സൗദിയിൽ ജോലി നേടിയതോടെ പ്രവാസ ജീവിതം മതിയാക്കി മടങ്ങുകയായിരുന്നു ഇദ്ദേഹം. ഏകദേശം രണ്ട് പതിറ്റാണ്ടിനോടടുത്തെ കാലമായി സൗദിയിലെ ടയോട്ടാ കമ്പനിയിൽ ജോലി കിട്ടി ജാബിർ സൗദിയിലെത്തിയിട്ട്. അനുജനും സൗദിയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഫാറൂഖ് കോളെജിലെ പഠനശേഷം ഉടനെ തന്നെ പിതാവിന്റെ കൂടെ ജോലിയാവശ്യാർഥം സൗദിയിലേക്ക് എത്തിയിരുന്നു ജാബിർ.