അടുത്ത വർഷം ഈ സമയത്ത് ഖത്തറിൽ ലോകകപ്പ് നടക്കുമ്പോൾ മെസ്സിക്ക് മുപ്പത്തഞ്ചാവും. മറ്റൊരു ലോകകപ്പ് ഏതാണ്ട് അസാധ്യമാണ്. ആ കിരീടം ലഭിക്കുമെങ്കിൽ തന്റെ ഏഴ് ബാലൻഡോറും അടിയറ വെക്കാൻ മെസ്സി തയാറാവുമെന്നുറപ്പ്.
ഏഴാമത്തെ ബാലൻഡോർ ബഹുമതിക്ക് ശരിക്കും ലിയണൽ മെസ്സി അർഹനാണോ? പ്രത്യേകിച്ചും ഒരുപാട് കളിക്കാർ ഈ സീസണിൽ ശ്രദ്ധ പിടിച്ചുപറ്റിയ സാഹചര്യത്തിൽ. ഇത്ര ദീർഘകാലം ഇത്ര മികച്ച രീതിയിൽ കളിക്കുന്നതിനുള്ള പ്രതിഫലമായി വേണം ഇത്തവണ മെസ്സിക്കു കിട്ടിയ ബാലൻഡോറിനെ കാണാൻ.
മെസ്സിയുടെ ഉജ്വല കരിയറിലെ ഏറ്റവും പ്രയാസകരമായ വർഷമായിരുന്നു ഇത്. പ്രിയപ്പെട്ട ബാഴ്‌സലോണയോട് കണ്ണീരോടെ വിട ചോദിക്കാൻ മുപ്പത്തിനാലുകാരൻ നിർബന്ധിതനായി. ആ വർഷം ഏഴാമത്തെ ബാലൻഡോറോടെ അവസാനിപ്പിക്കാനാവുന്നതിൽ മെസ്സിക്ക് ആശ്വാസമുണ്ടാവും.
റോബർട് ലെവൻഡോവ്‌സ്‌കിയാണ് ഇത് അർഹിച്ചതെന്ന് പലരും കരുതുന്നു. 12 മാസം മുമ്പ് പതിവുപോലെ ബാലൻഡോർ പ്രഖ്യാപിച്ചിരുന്നുവെങ്കിൽ ഉറപ്പായും അത് ലെവൻഡോവ്‌സ്‌കിക്ക് കിട്ടുമായിരുന്നു. പക്ഷേ കോവിഡ് സാഹചര്യത്തിൽ 2020 ൽ ബാലൻഡോർ റദ്ദാക്കി. ഈ സീസണിലും ഉജ്വല ഫോമിലാണ് പോളണ്ടുകാരൻ. കഴിഞ്ഞ ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെ തുടർച്ചയായ 19 കളികളിൽ മുപ്പത്തിമൂന്നുകാരൻ ഗോളടിച്ചിരുന്നു.
കരീം ബെൻസീമക്ക് ബാലൻഡോർ ലഭിക്കണമെന്നായിരുന്നു സ്‌പെയിനിൽ പരക്കെ കരുതപ്പെട്ടത്. റയൽ മഡ്രീഡിൽ ബെൻസീമ തകർപ്പൻ ഫോമിലാണ്. ഫ്രാൻസിന്റെ ടീമിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസം ബെർണബാവുവിൽ ബെൻസീമ ഗോളടിച്ചപ്പോൾ ബാലൻഡോർ, ബാലൻഡോർ എന്നു വിളിച്ചാണ് ആരാധകർ അത് ആഘോഷിച്ചത്. ബാലൻഡോർ പട്ടികയിൽ ബെൻസീമ നാലാം സ്ഥാനത്തായതിന്റെ രോഷമാണ് അണപൊട്ടിയത്.
കോപ അമേരിക്ക നേടിയതിന്റെ പേരിലാണ് മെസ്സിക്ക് അംഗീകാരം ലഭിച്ചതെങ്കിൽ തീർച്ചയായും ജോർജിഞ്ഞൊ അത് അർഹിച്ചിരുന്നു. ഇറ്റലിക്കൊപ്പം യൂറോ കപ്പും ചെൽസിക്കൊപ്പം യൂറോപ്യൻ ചാമ്പ്യൻസ് ലീഗും നേടിയിട്ടുണ്ട് ജോർജിഞ്ഞൊ. എന്നിട്ടും മെസ്സിക്കും ലെവൻഡോവ്‌സ്‌കിക്കും പിന്നിൽ ബാലൻഡോർ പട്ടികയിൽ മൂന്നാം സ്ഥാനത്തായി.
മെസ്സിയുടെ സ്ഥിരതയാണോ അവാർഡിനായി പരിഗണിക്കപ്പെട്ടത്. അതായിരിക്കാം വോട്ട് ചെയ്തവരെ സ്വാധീനിച്ചത്. നിരവധി അവാർഡുകൾ മെസ്സി വാരിക്കൂട്ടിയിട്ടുണ്ട്. എന്നാൽ അവസാനത്തേത് 2019 ലാണ്. ഒരു ഫ്രഞ്ച് ക്ലബ്ബിൽ കളിക്കുന്ന താരം ബാലൻഡോർ അവസാനം നേടിയത് 1991 ലാണ്. മാഴ്‌സെയുടെ ജീൻ പിയറി പാപ്പിൻ. മെസ്സി ഓഗസ്റ്റിലാണ് പി.എസ്.ജിയിൽ ചേർന്നത്. അതിനാൽ അർജന്റീന, ബാഴ്‌സലോണ ടീമുകളിലെ പ്രകടനമാവാം അവാർഡിന് പരിഗണിക്കപ്പെട്ടത്.
കഴിഞ്ഞ സീസൺ അവസാനമാവുമ്പോഴേക്കും ബാഴ്‌സലോണയിൽ മെസ്സി ആഹ്ലാദവാനായിരുന്നു. 48 മത്സരങ്ങളിൽ 38 ഗോളടിച്ചിരുന്നു. ഈ കണക്കുകളൊക്കെ മെസ്സിയുടെ കരിയറിൽ സാധാരണ സംഭവങ്ങളാണ്. അവസാന 11 സീസണിൽ ഒരിക്കൽ മാത്രമേ മെസ്സി ഇതിനേക്കാളധികം സ്‌കോർ ചെയ്തിട്ടുള്ളൂ.
ലാ ലിഗയിൽ 30 ഗോളോടെ തുടർച്ചയായ അഞ്ചാമത്തെ വർഷവും ടോപ്‌സ്‌കോററായി. ബാഴ്‌സലോണക്കൊപ്പം കോപ ഡെൽറേ നേടി. അത്‌ലറ്റിക്കൊ ബിൽബാവോക്കെതിരായ ഫൈനലിലെ 4-0 വിജയത്തിൽ രണ്ടു ഗോളടിച്ചു. പക്ഷേ 2021 ഓർമിക്കപ്പെടുക മെസ്സിയും ബാഴ്‌സലോണയും വഴിപിരിഞ്ഞ വർഷമായാണ്. 778 തവണ ബാഴ്‌സലോണക്ക് കളിച്ചിട്ടുണ്ട് മെസ്സി. 672 ഗോളടിച്ചു. ഒരു ക്ലബ്ബിനു വേണ്ടി ഒരു കളിക്കാരൻ അടിച്ച ഗോളിന്റെ റെക്കോർഡാണ് ഇത്.
2021 മെസ്സി ഒടുവിൽ ഒരു രാജ്യാന്തര ട്രോഫി നേടിയ വർഷം കൂടിയാണ്. കോപ അമേരിക്കയിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചു. മാരക്കാനായിലെ ഫൈനലിൽ ബ്രസീലിനെ 1-0 ത്തിന് തോൽപിച്ചു. ടൂർണമെന്റിൽ നാലു ഗോളടിച്ചു. 1993 നു ശേഷം അർജന്റീനയുടെ ആദ്യ കോപയായിരുന്നു അത്. പക്ഷേ അതു കാണാൻ ഗാലറിയിൽ ആരുമുണ്ടായിരുന്നില്ല. കൊറോണ സാഹചര്യത്തിൽ കാണികളില്ലാതെയാണ് ടൂർണമെന്റ് നടത്തിയത്. എല്ലാം നേടിയിട്ടും ഇനിയുമേറെ നേടാനുണ്ട് എന്നതാണ് മെസ്സിയുടെ അവസ്ഥ.
പി.എസ്.ജിയിൽ ഇതുവരെ 12 മത്സരം കളിച്ചു. നാലു ഗോൾ മാത്രമേ അടിക്കാനായിട്ടുള്ളൂ. കഴിഞ്ഞ ഞായറാഴ്ച ഫ്രഞ്ച് ലീഗിൽ മൂന്ന് ഗോളടിക്കാൻ അവസരമൊരുക്കി. പക്ഷേ ഫ്രഞ്ച് ലീഗ് മെസ്സിയെ കാര്യമായി പ്രചോദിപ്പിക്കുന്നില്ലെന്നു വേണം കരുതാൻ. മെസ്സിയുടെ നോട്ടം ചാമ്പ്യൻസ് ലീഗിലാണ്. ഓഗസ്റ്റിൽ പി.എസ്.ജിയിലെത്തിയപ്പോൾ തന്നെ തന്റെ സ്വപ്‌നം മറ്റൊരു ചാമ്പ്യൻസ് ലീഗാണെന്ന് മെസ്സി പ്രഖ്യാപിച്ചിട്ടുണ്ട്. 2015 ലാണ് അവസാനം മെസ്സി ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തിയത്.
അതിനേക്കാൾ വലുതാണ് ലോകകപ്പ്. അടുത്ത വർഷം ഈ സമയത്ത് ഖത്തറിൽ ലോകകപ്പ് നടക്കുമ്പോൾ മെസ്സിക്ക് മുപ്പത്തഞ്ചാവും. മറ്റൊരു ലോകകപ്പ് ഏതാണ്ട് അസാധ്യമാണ്. ആ കിരീടം ലഭിക്കുമെങ്കിൽ തന്റെ ഏഴ് ബാലൻഡോറും അടിയറ വെക്കാൻ മെസ്സി തയാറാവുമെന്നുറപ്പ്. അതിനു ശേഷം മെസ്സിക്ക് ബാലൻഡോർ നൽകുന്നുവെങ്കിൽ ആരും എതിര് പറയില്ലെന്നുമുറപ്പ്.