പാലക്കാട്- ആലത്തൂരിൽനിന്ന് മൂന്നുമാസം മുമ്പ് കാണാതായ വിദ്യാർഥിനിയെ കണ്ടെത്തി. ഓഗസ്റ്റ് 30ന് കാണാതായ സൂര്യ എന്ന വിദ്യാർഥിനിയെയാണ് മുംബൈയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബുക്ക് വാങ്ങാൻ വീട്ടിൽനിന്നിറങ്ങിയ ശേഷം സൂര്യയെ കാണാതാവുകയായിരുന്നു. മുംബൈയിലെത്തി ഒരു തമിഴ് കുടുംബത്തിനൊപ്പം മൂന്നുമാസമായി താമസിച്ചിരുന്ന സൂര്യയെ കേസന്വേഷിച്ച പ്രത്യേക സംഘമാണ് കണ്ടെത്തിയത്. അനാഥയാണെന്നു പറഞ്ഞാണ് സൂര്യ ഇവിടെ ആരുമറിയാതെ താമസിച്ചത്. സമൂഹമാധ്യമത്തിൽ വീണ്ടും അക്കൗണ്ട് ആരംഭിക്കാൻ ശ്രമിച്ചതോടെയാണ് പോലീസിനു വിവരം ലഭിച്ചത്.
2020 ഓഗസ്റ്റ് 30നാണ് ആലത്തൂർ പുതിയങ്കം തെലുങ്കുത്തറ രാധാകൃഷ്ണന്റെയും സുനിതയുടെയും മകൾ സൂര്യ കൃഷ്ണയെ കാണാതായത്. ഉച്ചയ്ക്ക് അച്ഛൻ ജോലി ചെയ്യുന്ന കടയിലേക്കു പോയ സൂര്യയെ പിന്നീട് കണ്ടെത്തിയിരുന്നില്ല. വീടിനു സമീപത്തുള്ളവർ തൃശൂർ, പാലക്കാട് ഭാഗങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ആലത്തൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പാലക്കാട്ട് മേഴ്സി കോളജിൽ ഇംഗ്ലിഷ് ബിരുദ വിദ്യാർഥിനിയായിരുന്നു സൂര്യ.