ലഖ്‌നൗ- തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം ചെയ്യാനുള്ള ശ്രമത്തിനിടെ റോഡ് പൊളിഞ്ഞു. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സദര്‍ മണ്ഡലത്തിലാണ് സംഭവം. ബിജെപി എംഎല്‍എ സുചി മൗസം ചൗധരിയാണ് തേങ്ങയുടച്ച് റോഡ് ഉഘ്ടനം ചെയ്യാന്‍ ശ്രമം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. 1.16 കോടി രൂപ മുടക്കി ജലവിഭവ വകുപ്പ് നിര്‍മ്മിച്ച റോഡാണ് തേങ്ങയുടച്ചപ്പോള്‍ പൊളിഞ്ഞിളകിയത്. തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം ചെയ്യാനാണ് ശ്രമം നടത്തിയത്. എന്നാല്‍, തേങ്ങ പൊട്ടിയില്ല, പകരം റോഡ് പൊളിയുന്നതാണ് കണ്ടതെന്ന് സുചി പറഞ്ഞു. റോഡ് നിര്‍മ്മാണത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. റോഡ് നിര്‍മ്മാണത്തില്‍ അപാകതകള്‍ സംഭവിച്ചുവെന്ന് പ്രാഥമിക പരിശോധനയില്‍ മനസിലായി. നിലവാരമില്ലാത്ത തരത്തിലാണ് റോഡ് പണിതത്. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയം ജില്ലാ മജിസ്‌ട്രേറ്റുമായി സംസാരിച്ചു. പരാതിയില്‍ അന്വേഷണം നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റ് മൂന്നംഗ സംഘത്തെ നിയോഗിച്ചുവെന്നും എംഎല്‍എ പറഞ്ഞു.
റോഡ് തേങ്ങയുടച്ച് ഉദ്ഘാടനം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെ റോഡ് നിര്‍മ്മാണത്തിന്റെ അപകാതകള്‍ വ്യക്തമാക്കുന്നതിനായി ടാര്‍ ഇളക്കി പരിശോധിക്കുകയും ചെയ്തു. മൂന്ന് മണിക്കൂര്‍ പരിശോധനകള്‍ക്കായി എംഎല്‍എ മാറ്റിവെക്കുകയും സ്ഥലത്ത് തുടരുകയും ചെയ്തു.
എന്നാല്‍ റോഡ് നിര്‍മ്മാണത്തില്‍ അപാകതകള്‍ ഉണ്ടായിട്ടില്ലെന്ന് ബിജ്‌നോറിലെ ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വികാസ് അഗര്‍വാള്‍ പറഞ്ഞു. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളാണ് പുറത്തുവരുന്നത്. നിലവിലെ ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ജലവിഭവ വകുപ്പ് 1.16 കോടി ചെലവഴിച്ച് നിര്‍മ്മിച്ച റോഡിന്റെ നീളം 7.5 കിലോമീറ്ററാണ്.