റിയാദ് - സൗദിയിലെ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷത്തെ സെക്കന്റ് ടേമിന് ഞായറാഴ്ച മുതല്‍ തുടക്കമാകും. അറുപതു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ രീതികളില്‍ നാളെ മുതല്‍ ക്ലാസുകളില്‍ ഹാജരാകും. മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് സെക്കണ്ടറി, ഇന്റര്‍മീഡിയറ്റ് തലങ്ങളില്‍ ഓഫ്‌ലൈന്‍ രീതിയില്‍ ക്ലാസുകള്‍ തുടരും. എലിമെന്ററി, നഴ്‌സറി തലങ്ങളില്‍ മദ്‌റസതീ, റൗദതീ പ്ലാറ്റ്‌ഫോമുകള്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകളും തുടരും.
പ്രോട്ടോകോളുകളും ആരോഗ്യ നടപടികളും ബാധകമാക്കുന്നത് തുടരണമെന്ന് പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പുകള്‍ക്കും രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കി. ആരോഗ്യ മന്ത്രാലയവും പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയും അംഗീകരിച്ച മുന്‍കരുതല്‍ നടപടികള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നത് തുടരണമെന്നും വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.