ജയ്പൂര്‍- ഒമിക്രോണ്‍ ഭീഷണിക്കിടെ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ നാലു പേര്‍ ഉള്‍പ്പെടുന്ന ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് രാജസ്ഥാനില്‍ ആശങ്കയ്ക്കിടയാക്കി. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ നാലു പേരേയും രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് അഞ്ചു പേര്‍ വീട്ടില്‍ ഐസൊലേഷനിലാണ്. ഒമ്പതു പേരില്‍ നിന്നും ശേഖരിച്ച സാംപിളുകള്‍ ജനിതക ശ്രേണീകരണത്തിനായി ജയ്പൂരിലെ സവായ് മാന്‍ സിങ് ആശുപത്രിയിലേക്കയച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ കുടുംബത്തില്‍ നിന്ന് 14 സാംപിളുകള്‍ ശേഖരിച്ച് വിശദമായി പരിശോധന നടത്തിവരികയാണെന്ന് ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. നരോത്തം ശര്‍മ പറഞ്ഞു. കോവിഡ് ബാധിതരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കിയപ്പോഴാണ് നാലു പേര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിവരാണെന്ന് കണ്ടെത്തിയത്. രാജസ്ഥാനില്‍ നിലവില്‍ 213 ആക്ടീവ് കോവിഡ് കേസുകളാണുള്ളത്. 114 കേസും ജയ്പൂരില്‍ മാത്രമാണ്.






