ജനീവ- തീവ്ര വ്യാപന ശേഷിയുള്ള കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ച് ഇതുവരെ ആരും മരിച്ചതായി റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ ബാധയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും തെളിവുകളും ശേഖരിച്ചുവരികയാണെന്നും ഡബ്ല്യൂ എച് ഒ വക്താവ് ക്രിസ്റ്റ്യന്‍ ലിന്‍ഡാമിയര്‍ പറഞ്ഞു. ഒമിക്രോണ്‍ ലോകത്തൊട്ടാകെ പുതിയ ഭീഷണിയായിട്ടുണ്ടെങ്കിലും ഡെല്‍റ്റ വകഭേദത്തേയും സൂക്ഷിക്കണമെന്ന് അവര്‍ പറഞ്ഞു. ഒമിക്രോണ്‍ വലിയ ആശങ്കയായി നിലനില്‍ക്കുമ്പോഴും കഴിഞ്ഞ രണ്ടു മാസത്തിനിടെ ആഗോള തലത്തില്‍ നടത്തിയ ജനിതകശ്രേണീകരണ പരിശോധനയില്‍ 99.8 ശതമാനവും ഡെല്‍റ്റ വകഭേദമായിരുന്നു എന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നതിന് മുമ്പ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ പലയിടത്തും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും ക്രിസ്മസ് വിപണി അടച്ചതുമെല്ലാം ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനത്തെ തുടര്‍ന്നായിരുന്നു എന്നും അവര്‍ ഓര്‍മിപ്പിച്ചു. ഒമിക്രോണിന്റെ കാഠിന്യത്തേയും വ്യാപനത്തേയും കുറിച്ച് കൂടതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കാനും വാക്‌സിനും ചികിത്സയും എങ്ങനെ വേണമെന്ന് വിലയിരുത്താനും ഏതാനും ആഴ്ചകള്‍ കൂടി സമയമെടുക്കുമെന്നും അവര്‍ പറഞ്ഞു.