കാബൂള്‍- സ്ത്രീകളുടെ സമ്മതമില്ലാതെ അവരെ വിവാഹം നടത്തരുതെന്നും സ്ത്രീകളെ വസ്തുവായി കാണരുതെന്നും അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്ന താലിബാന്‍ ഉത്തരവ്. സ്ത്രീ ഒരു വസ്തുവല്ല, കുലീനയും സ്വതന്ത്രയുമായ മനുഷ്യനാണ്. സമാധാനത്തിനോ ശത്രുത അവസാനിപ്പിക്കുന്നതിനോ പകരമായി ആര്‍ക്കും അവളെ കൈമാറാനാവില്ല- താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പുറത്തുവിട്ട താലിബാന്‍ ഉത്തരവില്‍ പറയുന്നു. വിധവകള്‍ക്ക് അവരുടെ മരിച്ച ഭര്‍ത്താവിന്റെ സ്വത്തില്‍ നിന്ന് ഓഹരി നല്‍കണം. തീരുമാനങ്ങളെടുക്കുമ്പോള്‍ കോടതികള്‍ ഈ നിയമങ്ങളും പരിഗണിക്കണം. ഈ അവകാശങ്ങളെ കുറിച്ച് മതകാര്യ, വാര്‍ത്താവിതരണ മന്ത്രാലയങ്ങള്‍ ബോധവല്‍ക്കരണം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം സ്ത്രീകള്‍ക്ക് ജോലിക്കു പോകാനും വിദ്യാഭ്യാസം നേടാനുള്ള അവകാശങ്ങളെ കുറിച്ച് ഈ ഉത്തരവില്‍ പരാമര്‍ശമില്ല. താലിബാന്‍ ഭരണംപിടിച്ചതിനു പിന്നാലെ അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ആശങ്കപ്രകടിപ്പിച്ചിരുന്നു. താലിബാനെ അംഗീകരിക്കാത്ത രാജ്യങ്ങള്‍ അവരുടെ വിദേശ ധനശേഖരം മരവിപ്പിച്ചിരിക്കുകയാണ്. സ്ത്രീകളുടെ അവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അഫ്ഗാന്‍ കേന്ദ്ര ബാങ്കിന്റെ ഫണ്ടുകളും വികസന ഫണ്ടുകളും രാജ്യാന്തര ശാക്തിക ചേരി തടഞ്ഞുവച്ചിരിക്കുന്നത്.
1996 മുതല്‍ 2001വരെ താലിബാന്‍ ഭരിച്ച കാലത്ത് അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് രക്തബന്ധമുള്ള പുരുഷന്‍ കൂടെയില്ലാതെ പുറത്തിറങ്ങാനും പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ പലയിടത്തും പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂളുകള്‍ തുറക്കാന്‍ അനുവദിച്ചിട്ടുണ്ടെന്നും തങ്ങള്‍ മാറിയെന്നുമാണ് താലിബാന്‍ വാദം.