ക്വലാലംപൂര്‍- കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സിംഗപ്പൂരിലും സ്ഥിരീകരിച്ചു. ജോഹന്നാസ് ബര്‍ഗില്‍നിന്ന് വിമാനത്തിലെത്തിയ രണ്ടുപേര്‍ക്കാണ് പ്രാഥമിക പരിശോധനയില്‍ രോഗം കണ്ടെത്തിയതെന്നും സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഫലം സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധന നടത്തേണ്ടി വരും. ഇവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന മറ്റു 19 യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കി. എല്ലാവരും നെഗറ്റീവാണെന്നും ഇവര്‍ നിരീക്ഷണത്തില്‍ തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു.
രോഗം സ്ഥിരീകരിച്ച രണ്ടുപേരും രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു. ചുമ, തൊണ്ടയില്‍ അസ്വസ്ഥത എന്നീ രോഗലക്ഷണങ്ങള്‍ ഇരുവര്‍ക്കും ഉണ്ടായിരുന്നു. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സിംഗപ്പൂര്‍ യാത്രവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മറ്റുള്ളവരെ യാത്ര പുറപ്പെടുന്നതിന് മുമ്പും ശേഷവും പരിശോധനക്ക് വിധേയമാക്കും. ലോകത്ത് വാക്‌സിനേഷന്‍ നിരക്ക് ഏറ്റവും ഉയര്‍ന്ന രാജ്യമാണ് സിംഗപ്പുര്‍. 98 ശതമാനം പേര്‍ക്കും വാക്‌സിന്‍ കുത്തിവെപ്പ് നല്‍കിയിരുന്നു.