മുംബൈ- ബിനോയ് കോടിയേരി കേസില്‍ തന്റെ മകന്റെ പിതൃത്വത്തെ മുന്‍നിര്‍ത്തിയുള്ള ഡി.എന്‍.എ. ഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ട് ബിഹാര്‍ യുവതി ബോംബെ ഹൈക്കോടതിയില്‍. കേസ് പരിഗണിച്ച കോടതി കേസ് ജനുവരി നാലിലേക്ക് മാറ്റി. ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് സാരംഗ് കോട്ട്‌വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഡി.എന്‍.എ. ഫലം പോലീസ് മുദ്രവെച്ച കവറില്‍ കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2020 ഡിസംബര്‍ ഒന്‍പതിനാണ് ഓഷിവാര പോലീസ് ഫലം സമര്‍പ്പിച്ചത്. കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കേസുകള്‍ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. ഇപ്പോള്‍ കേസുകള്‍ പരിഗണിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ഡി.എന്‍.എ. ഫലം തുറക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്.
തനിക്കെതിരേ ബിഹാര്‍ യുവതി ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ ബലാത്സംഗക്കേസ് തള്ളണമെന്നാവശ്യപ്പെട്ട് 2019 ജൂലായ് മാസത്തിലാണ് ബിനോയ് ഹൈക്കോടതിയെ സമീപിക്കുന്നത്. ജൂലായ് 29ന് കേസ് പരിഗണിച്ച കോടതി ഡി.എന്‍.എ. പരിശോധന നടത്താന്‍ ബിനോയിയോട് നിര്‍ദേശിക്കുകയായിരുന്നു. ബിനോയ് തൊട്ടടുത്ത ദിവസമായ ജൂലായ് 30ന് ജെ.ജെ.ആശുപത്രിയില്‍ രക്തസാംപിളുകള്‍ നല്‍കുകയും ചെയ്തു. കലീന ഫൊറന്‍സിക് ലബോറട്ടറിയില്‍ സമര്‍പ്പിച്ച സാപിളുകളുടെ ഡി.എന്‍.എ. ഫലം 17 മാസത്തിനുശേഷമാണ് മുംബൈ പോലീസിന് ലഭിക്കുന്നത്. അത് പോലീസ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ബിനോയിക്കെതിരേ മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം ഡിസംബര്‍ 13ന് ദിന്‍ദോഷി കോടതി പരിഗണിക്കാനിരിക്കുകയാണ്.