Sorry, you need to enable JavaScript to visit this website.

യൂനിഫോമില്‍ വഴിയോരത്തിരുന്ന് പൊതിഭക്ഷണം വാങ്ങി കഴിക്കരുതെന്ന് പോലീസിന് നിര്‍ദേശം

മുംബൈ- ഭക്ഷണം പാഴ്‌സല്‍ വാങ്ങി യൂനിഫോമില്‍ പൊതുസ്ഥലങ്ങളിലിരുന്ന് കഴിക്കരുതെന്ന് മുംബൈയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുതിര്‍ന്ന ഇന്‍സ്‌പെക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. ഇത് പോലീസിന് മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്നാണ് കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വോര്‍ലിയിലെ ആട്രിയ മാളിനു സമീപം പോലീസ് പട്രോള്‍ വാഹനത്തിന്റെ ബോണറ്റില്‍ വച്ച്  പോലീസുകാര്‍ പൊതി ഭക്ഷണം കഴിക്കുന്നത് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കാണാന്‍ ഇടയായതാണ് ഈ നിര്‍ദേശത്തിനു പിന്നില്‍. ഈ സംഭവം പോലീസ് ഓഫീസര്‍ മേലുദ്യോഗസ്ഥരെ അറിയിക്കുകയും അതിനു പിന്നാലെ ഇത്തരം തീറ്റ ഒഴിവാക്കണമെന്ന നിര്‍ദേശം താഴെത്തട്ടിലുള്ള പോലീസുകാര്‍ക്ക് കൈമാറുകയുമായിരുന്നു. ഒരു റസ്‌റ്റൊറന്റില്‍ നിന്ന് പണം നല്‍കാതെ ഭക്ഷണം വാങ്ങിക്കൊണ്ടുവരാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കീഴുദ്യോഗസ്ഥനോട് ആവശ്യപ്പെടുന്ന ഓഡിയോ പൂനെയില്‍ നാലു മാസം മുമ്പ് പുറത്ത് വന്നത് പോലീസിന് നാണക്കേടായിരുന്നു. യൂനിഫോമില്‍ പുറത്തിരുന്ന് പൊതു ഭക്ഷണം വാങ്ങിക്കഴിക്കുന്നത് പൊതുജനം കണ്ടാല്‍ ഇതൊക്കെ പണം നല്‍കാതെയാണ് വാങ്ങിത്തിന്നുന്നത് എന്ന് തെറ്റിദ്ധരിക്കും. അത് കൊണ്ട് ഇത് നിര്‍ത്തേണ്ടത് നിര്‍ബന്ധമാണ്. ഈ രീതിയില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും ഉത്തരവിലുണ്ട്. 

അതേസമയം ഈ ഉത്തരവ് താഴെ തട്ടിലുള്ള പോലീസുകാര്‍ക്കിടയില്‍ മുറുമുറുപ്പ് ഉണ്ടാക്കിയിട്ടുണ്ട്. തിരക്കേറിയ ജോലികള്‍ക്ക് നിയോഗിക്കപ്പെടുമ്പോള്‍ ഭക്ഷണം കഴിക്കാനായി പോലീസ് സ്റ്റേഷനിലേക്ക് പോകാനാണോ പറയുന്നത് എന്ന് പേര് വെളിപ്പെടുത്താത്ത ഒരു കോണ്‍സ്റ്റബിള്‍ ചോദിക്കുന്നു. ജോലിക്കിടെ ചിലയിടങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ മാര്‍ഗമില്ലാത്തത് കൊണ്ടാണ് ഞങ്ങള്‍ വഴിയോരങ്ങളില്‍ വച്ച് ലഞ്ചും ഡിന്നറുമെല്ലാം കഴിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഞങ്ങളുടെ അഭാവത്തില്‍ വല്ലതും സംഭവിച്ചാല്‍ ആദ്യം സസ്‌പെന്‍ഷന്‍ കിട്ടുന്നതും ഞങ്ങള്‍ക്കാണ്- അദ്ദേഹം പറഞ്ഞു.
 

Latest News