ചെന്നൈ - തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ വിഭാഗവുമായി ലയിക്കാൻ തീരുമാനിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിർദേശം മാനിച്ചെന്ന് വിമത വിഭാഗത്തിന് നേതൃത്വം നൽകിയിരുന്ന ഉപമുഖ്യമന്ത്രി ഒ പനീർശെൽവം വെളിപ്പെടുത്തി. തേനിയിൽ അണ്ണാ ഡിഎംകെ ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കവെയാണ് പനീർശെൽവം ഇതു പറഞ്ഞത്. 'ദൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ എന്നോട് പാർട്ടിയിൽ ലയിച്ച് പാർട്ടിയെ രക്ഷിക്കാനാണ് മോഡി പറഞ്ഞത്,' എന്നു നടന്ന സംഭാഷണമാണെന്നു സൂചിപ്പിക്കാതെ പനീർശെൽവം പറഞ്ഞു. 2017 ഓഗസ്റ്റിലാണ് ഇരു വിഭാഗം അണ്ണാ ഡിഎംകെയും ലയിച്ചത്.
തനിക്ക് മന്ത്രി പദവിയൊന്നും വേണ്ട, പാർട്ടി പദവി ലഭിച്ചാൽ അംഗീകരിക്കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ നിർബന്ധമായിരുന്നു പളനിസാമി മന്ത്രിസഭയിൽ ചേരണമെന്നതെന്നും അദ്ദേഹം പറഞ്ഞു. ലയനത്തിനു മുന്നോടിയായി ഇക്കാര്യം പളനിസ്വാമി വിഭാഗത്തിലെ നേതാക്കളോടും പറഞ്ഞിരുന്നു. അവരും താൻ മന്ത്രി പദവി സ്വീകരിക്കണമെന്നു നിർബന്ധിച്ചുവെന്നും പനീർശെൽവം പറയുന്നു.
അതു കൊണ്ടു മാത്രമാണ് ഞാൻ മന്ത്രിയായത്. എനിക്ക് മന്ത്രിയാകാൻ ആഗ്രഹമില്ല. അമ്മ എന്നെ നാലു തവണ എംഎൽഎയും രണ്ടു തവണ മുഖ്യമന്ത്രിയും ആക്കിയിട്ടുണ്ട്. ഇതു ആദരം തന്നെ മതിയാവോളമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജയലളിതയുടെ മരണ ശേഷം തോഴി ശശികല പാർട്ടിയെ നിയന്ത്രണത്തിലാക്കിയതോടെയാണ് മുഖ്യമന്ത്രിയായിരുന്ന പനീർശെൽവവും അനുകൂലികളും വിമത ചേരിയായി നിലകൊണ്ടത്. ഈ ഘട്ടത്തിലുണ്ടായ പ്രശ്‌നങ്ങളും പ്രതിസന്ധികളും അമ്മയ്ക്കു വേണ്ടിയാണ് സഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.