ചണ്ഡിഗഡ്- വിവാഹ ചടങ്ങിനു ശേഷം വരനൊപ്പം കാറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന വധുവിന് വാഹനം തടഞ്ഞ് അക്രമി സംഘം വെടിവച്ച് ആഭരണങ്ങള്‍ കവര്‍ന്നു. വെടിയേറ്റ യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. ഹരിയാനയിലെ റോത്തക്കിലെ ഭലി-അനന്ദ്പൂരിലാണ് സംഭവം. വരന്‍ മോഹനും വധു തനിഷ്‌കയും മോഹന്റെ സഹോദരന്‍ സുനില്‍ ഓടിച്ചിരുന്ന കാറില്‍ വീ്ട്ടിലേക്കു മടങ്ങുന്നതിനിടെ അക്രമിസംഘം തടഞ്ഞ് വെടിവെക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 11.30ഓടെ ഭലി അനന്ദ്പൂര്‍ ഗ്രാമത്തിലെ ശിവ ക്ഷേത്രത്തിനു സമീപത്തു വച്ചാണ് ഇന്നോവയിലെത്തിയ സംഘം ആക്രമിച്ചത്. ഇവര്‍ തങ്ങളെ കുറെ ദൂരം പിന്തുടരുകയായിരുന്നെന്നും പൊടുന്നനെയാണ് വധൂവരന്മാരുടെ കാറിനെ മറികടന്ന് വിലങ്ങിട്ട് തടഞ്ഞതെന്നും സുനില്‍ പറഞ്ഞു. തോക്കുമായി രണ്ടു പേര്‍ ഇന്നോവയില്‍ നിന്ന് ഇറങ്ങി കാറിന്റെ ഡോര്‍ തുറക്കാന്‍ ആജ്ഞാപിക്കുകയായിരുന്നു. കാറിന്റെ ചാവി വലിച്ചൂരി വധു തനിഷ്‌ക്കയ്ക്കു നേരെ തുരുതുരാ നിറയൊഴിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സുനിലിനേയും അക്രമികള്‍ മര്‍ദിക്കുകയും ്‌സ്വര്‍ണ ചെയ്ന്‍ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് ആകാശത്തേക് വെടിയുതിര്‍ത്താണ് സംഘം സ്ഥലംവിട്ടത്. പരിക്കേറ്റ തനിഷ്‌ക്കയെ ഉടന്‍ റോത്തക്കിലെ ആശുപത്രിയിലെത്തിച്ചു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമികള്‍ ഉപയോഗിച്ച കാര്‍ സംഭവത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് മറ്റൊരാളില്‍ നിന്ന് തട്ടിയെടുത്തതാണെന്നും പോലീസ് കണ്ടെത്തി. വെടിവെപ്പ് നടത്തിയ ശേഷം സംഘം ഈ വാഹനം വഴിയിലുപേക്ഷിച്ചാണ് കടന്നത്. സാഹില്‍ എന്നയാളും തിരിച്ചറിയാത്ത രണ്ടു പേരുമാണ് കേസിലെ പ്രതികളെന്ന് പോലീസ് പറഞ്ഞു.