Sorry, you need to enable JavaScript to visit this website.

സലാഹിന്റെ നാട്ടിൽ

മുഹമ്മദ് സലാഹ്

പരമ്പരാഗത ഗ്രാമീണ കുടുംബത്തിലാണ് സലാഹ് ജനിച്ചത്. മാതാവും പിതാവും സർക്കാർ ജീവനക്കാരായിരുന്നു. കൂടാതെ സലാഹിന്റെ പിതാവിന് മുല്ലപ്പൂ കച്ചവടവുമുണ്ടായിരുന്നു. നഖ്‌രിജിലെ പ്രധാന കൃഷിയാണ് മുല്ലപ്പൂ. സുഗന്ധലേപന നിർമാണത്തിനായാണ് ഇത് കയറ്റുമതി ചെയ്യുന്നത്. വസന്തകാലമായാൽ നഖ്‌രിജിൽ കണ്ണെത്തുംദൂരം വരെ മുല്ലപ്പൂ പാടങ്ങൾ നീണ്ടുകിടക്കും. 2013 ൽ 20 വയസ്സുള്ളപ്പോഴാണ് സലാഹ് നഖ്‌രിജുകാരി മാജിയെ കല്യാണം കഴിക്കുന്നത്. ഒരു മകളുണ്ട്. 

 

ഈജിപ്തിലെ നൈൽ ഡെൽറ്റ പ്രദേശത്തെ കൊച്ചുകുട്ടികൾക്ക് ഒരാഗ്രഹമേയുള്ളൂ, ഈ ഗ്രാമത്തിന്റെ പ്രിയ പുത്രനായ മുഹമ്മദ് സലാഹിനെ പോലെ മികച്ച ഫുട്‌ബോൾ താരമാവുക. ആഫ്രിക്കയുടെ ഏറ്റവും മികച്ച കളിക്കാരനാണ് ഇപ്പോൾ സലാഹ്, ലിവർപൂളിന്റെ ടോപ്‌സ്‌കോറർ. 
ഇറ്റലിയിലെ എ.എസ് റോമയിൽ നിന്ന് ഈ സീസണിന്റെ തുടക്കത്തിൽ ലിവർപൂളിലെത്തിയ ശേഷം തകർപ്പൻ ഫോമിലാണ് സലാഹ്. യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ പോർടോക്കെതിരെ ബുധനാഴ്ച നേടിയത് മുപ്പതാം ഗോളായിരുന്നു. ഇങ്ങനെ സലാഹ് ഗോളടിച്ചു കൂട്ടിയാൽ ഞങ്ങളും മുസ്‌ലിംകളാകും എന്നുവരെ ലിവർപൂൾ ആരാധകർ പാട്ടു പാടി. 28 വർഷത്തെ ഇടവേളക്കു ശേഷം ഈജിപ്തിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്തത് സലാഹിന്റെ പ്രശസ്തി വാനോളമുയർത്തി. 

 

മുഹമ്മദ് സലാഹ്

കയ്‌റോയിൽനിന്ന് 120 കിലോമീറ്റർ വടക്കുപടിഞ്ഞാറാണ് നഖ്‌രീജ് ഗ്രാമം. ഗ്രാമത്തിലെ ഇടുങ്ങിയ, വൃത്തിയില്ലാത്ത റോഡിന് അഭിമുഖമായി നിൽക്കുന്ന നിരവധി വീടുകളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല സലാഹ് ജനിച്ചു വളർന്ന മൂന്നുനില വസതി. നഖ്‌രീജിലെയും സമീപ നഗരമായ ബസ്‌യൂനിലെയും യൂത്ത് സെന്ററുകൾക്കൊക്കെ ഇപ്പോൾ ഒരേ പേരാണ്, സലാഹ് സെന്റർ. ഈജിപ്തിൽ മാത്രമല്ല, ആഫ്രിക്കയിലുടനീളം യുവാക്കളുടെ ഹരവും പ്രചോദനവുമാണ് വിനയാന്വിതനായ ഈ ഫുട്‌ബോളർ. സലാഹിനും ഇക്കാര്യമറിയാം. ജനുവരിയിൽ ആഫ്രിക്കൻ ഫുട്‌ബോളർ ഓഫ് ദ ഇയർ പട്ടം സ്വീകരിച്ചപ്പോൾ അവരെയാണ് സലാഹ് അഭിസംബോധന ചെയ്തത്. സ്വപ്‌നം കണ്ടു കൊണ്ടേയിരിക്കുക, ആത്മവിശ്വാസം നിലനിർത്തുക.. -സലാഹ് പറഞ്ഞു. 

സലാഹും മകൾ മക്കയും


സലാഹിന്റെ പിതാവ് സലാഹ് ഗാലിയുടെ വീടിന് മറ്റു വീടുകളിൽനിന്ന് ഒരു വ്യത്യാസമേയുള്ളൂ. പുറത്ത് ആരെയും കാണാനില്ല. തുറന്നുവെച്ച ജനാലച്ചില്ലകളിൽ നിന്ന് ആരും പുറത്തേക്കു നോക്കുന്നില്ല. അലക്കിയിട്ട തുണികളൊന്നും പുറത്ത് കാണാനില്ല. സലാഹ് ലിവർപൂളിന്റെ ഹരമായി മാറിയതോടെ ഈ ഗ്രാമം വൻ മാധ്യമശ്രദ്ധയാണ് നേടിയത്. അവരുടെ ലക്ഷ്യം ഈ മൂന്നു നില വീടാണ്. അതു കൊണ്ടു തന്നെ അവർ ഉൾവലിഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്നാണ് വീട്ടുകാരുടെ നിലപാട്. സലാഹിന്റെ ആഗ്രഹം മാനിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അവർ പറയുന്നു. 
ഫുട്‌ബോളിന്റെ ഉയരങ്ങളിലേക്കുള്ള സലാഹിന്റെ യാത്ര എളുപ്പമായിരുന്നില്ല. ചെറുപ്പം മുതൽ സലാഹ് ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്ന് നഖ്‌രീജ് യൂത്ത് സെന്ററിൽ കോച്ചായിരുന്ന ഗംരി അബ്ദുൽ ഹമീദ് അൽ സഅദാനി പറഞ്ഞു. എട്ടാം വയസ്സിലാണ് സലാഹ് ഇവിടെ പരിശീലനത്തിനെത്തിയത്. പ്രതിഭ മാത്രമല്ല സലാഹിന്റെ വിജയത്തിന് നിദാനമെന്ന് സഅദാനി കരുതുന്നു. ഉരുക്കു പോലുള്ള നിശ്ചയദാർഢ്യമുണ്ടായിരുന്നു പയ്യന് എന്ന് അദ്ദേഹം ഓർക്കുന്നു. 

സലാഹ് കളിച്ചു വളർന്ന ഗ്രൗണ്ട്

സലാഹിന്റെ കുടുംബ സുഹൃത്താണ് നഖ്‌രിജിലെ മേയർ മാഹിർ ശതിയ്യ. നഖ്‌രിജിന്റെ പ്രിയ പുത്രനെക്കുറിച്ച് പറയുമ്പോൾ അഭിമാനം കൊണ്ട് തുടിക്കുകയാണ് അദ്ദേഹത്തിന്റെ ഹൃദയം. 
കയ്‌റോയിലെ അറബ് കോൺട്രാക്‌റ്റേഴ്‌സ് ക്ലബ്ബിൽ ചേരുമ്പോൾ സലാഹിന് പ്രായം പതിനാലേ ഉണ്ടായിരുന്നുള്ളൂ. പരിശീലനത്തിന് പോകാനും തിരിച്ചുവരാനുമായി പത്ത് മണിക്കൂറോളം വേണ്ടിയിരുന്നുവെന്ന് ശതിയ്യ ഓർക്കുന്നു. നഖ്‌രിജിൽ നിന്ന് ബസ്‌യൂനിലേക്ക്. അവിടെ നിന്ന് അൽ ഗർബിയ പ്രവിശ്യയുടെ തലസ്ഥാനമായ ത്വൻതാ സിറ്റിയിലേക്ക്. ത്വൻതയിൽ നിന്ന് നസ്ർ സിറ്റിയിലേക്ക് പോവണം. അതിനടുത്താണ് അറബ് കോൺട്രാക്‌റ്റേഴ്‌സ് ക്ലബ്. 

സലാഹിന്റെ ആദ്യ കോച്ച് ഗംരി അബ്ദുൽ ഹമീദ് അൽ സഅദാന


സ്‌പോർട്‌സിനോട് ആഭിമുഖ്യമുള്ളതായിരുന്നു സലാഹിന്റെ കുടുംബം. പിതാവും രണ്ട് അമ്മാവന്മാരും നഖ്‌രിജ് യൂത്ത് ക്ലബ്ബിൽ കളിച്ചിരുന്നു. മകന്റെ കളി മികവ് കണ്ടറിഞ്ഞ പിതാവിന് വലിയ ക്ലബ്ബുകളിൽ ചേർക്കണമെന്ന് അപ്പോഴേ ആഗ്രഹമുണ്ടായിരുന്നുവെന്ന് ശതിയ്യ പറയുന്നു. ബസ്‌യൂൻ നഗരത്തിലെ ഒരു ക്ലബ്ബിനാണ് ആദ്യം കളിച്ചത്. പിന്നീട് ത്വൻതയിലെ ഒരു ടീമിലേക്ക് മാറി. അവിടെ നിന്നാണ് അറബ് കോൺട്രാക്‌റ്റേഴ്‌സ് ക്ലബ്ബിലെത്തിയത്. അണ്ടർ-15 ടീമിൽ തുടങ്ങിയ സലാഹ് അവിടെ അഞ്ചു വർഷത്തോളം കളിച്ചു. സ്വിറ്റ്‌സർലന്റിലെ ബാസൽ ക്ലബ് സലാഹിനെ കണ്ടെത്തുന്നതോടെയാണ് ചരിത്രം വഴിമാറുന്നത്. ഏത് പ്രതിരോധവും തുളച്ചുകയറാനുള്ള സലാഹിന്റെ മികവ് വേറിട്ടു നിന്നിരുന്നുവെന്ന് അറബ് കോൺട്രാക്‌റ്റേഴ്‌സ് ക്ലബ്ബിന്റെ കോച്ച് സയ്ദ് അൽ ശിഷീനി പറയുന്നു. മൈതാന മധ്യത്തിൽ പന്ത് കൈക്കലാക്കുന്ന സലാഹ് ഡ്രിബിൾ ചെയ്ത് ബോക്‌സ് വരെ കുതിക്കും -ശിഷീനി ഓർക്കുന്നു. 
ബാസലിൽനിന്ന് ഇംഗ്ലിഷ് പ്രീമിയർ ലീഗ് ചെൽസിയിലേക്കുള്ള നീക്കം വിജയമായില്ല. ചെൽസിയുടെ ഫസ്റ്റ് ടീമിലെത്താനാവാതിരുന്നതോടെയാണ് ഇറ്റലിയിൽ റോമയിലേക്ക് ചേക്കേറുന്നത്. റോമയാണ് സലാഹിനെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. സലാഹിന്റെ പ്രകടനം ലിവർപൂളിനെ ആകർഷിച്ചു. 4.4 കോടി പൗണ്ടിന്റെ (395 കോടി രൂപ) കരാറിനാണ് ലിവർപൂളിലെത്തിയത്. തങ്ങൾ സലാഹിന് കണ്ട മൂല്യം വല്ലാതെ കുറഞ്ഞു പോയെന്ന് റോമ തിരിച്ചറിയാൻ ഏതാനും ആഴ്ചയേ വേണ്ടിവന്നുള്ളൂ. ചെറിയ ചെലവിൽ ലിവർപൂളിന് കിട്ടിയത് അപൂർവമായ മുത്തായിരുന്നു. 

നഖ്‌രീജിലെ സലാഹ് സെന്റർ  

പരമ്പരാഗത ഗ്രാമീണ കുടുംബത്തിലാണ് സലാഹ് ജനിച്ചത്. മാതാവും പിതാവും സർക്കാർ ജീവനക്കാരായിരുന്നു. കൂടാതെ സലാഹിന്റെ പിതാവിന് മുല്ലപ്പൂ കച്ചവടവുമുണ്ടായിരുന്നു. നഖ്‌രിജിലെ പ്രധാന കൃഷിയാണ് മുല്ലപ്പൂ. സുഗന്ധലേപന നിർമാണത്തിനായാണ് ഇത് കയറ്റുമതി ചെയ്യുന്നത്. വസന്തകാലമായാൽ നഖ്‌രിജിൽ കണ്ണെത്തുംദൂരം വരെ മുല്ലപ്പൂ പാടങ്ങൾ നീണ്ടുകിടക്കും. 2013 ൽ 20 വയസ്സുള്ളപ്പോഴാണ് സലാഹ് നഖ്‌രിജുകാരി മാജിയെ കല്യാണം കഴിക്കുന്നത്. ഒരു മകളുണ്ട്. വിശുദ്ധ നഗരമായ മക്കയുടെ പേരാണ് മകൾക്ക് നൽകിയിരിക്കുന്നത്. മക്ക സലാഹ്. ലിവർപൂളിൽ താമസിക്കുന്ന കുടുംബം ഓരോ അവധിക്കാലത്തും നഖ്‌രിജിൽ എത്തും. കടന്നു വന്ന വഴികൾ സലാഹ് മറന്നിട്ടില്ല. ദാനശീലനാണ് സലാഹ്. ബസ്‌യൂൻ സെൻട്രൽ ആശുപത്രിയിലെ ഇന്റൻസിവ് കെയർ യൂനിറ്റിന് സലാഹാണ് പണം നൽകിയത്. നഖ്‌രിജിൽ ഒരു മത കേന്ദ്രം പണിയുന്നുണ്ട്. നഖ്‌രിജിൽ നിരവധി കുടുംബങ്ങൾക്ക് മാസം അര ലക്ഷം ഈജിപ്ഷ്യൻ പൗണ്ട് വരെ പെൻഷൻ നൽകുന്നുണ്ട്.  

എട്ടാം വയസ്സിൽ എന്റെ മുന്നിലെത്തിയ അതേ മുഹമ്മദ് തന്നെയാണ് ഇപ്പോൾ ആഫ്രിക്കയിലെ മികച്ച കളിക്കാരനായ മുഹമ്മദും -സഅദാനി അഭിമാനത്തോടെ പറയുന്നു.
 

Latest News