ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി ആക്രമിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസ് അധ്യക്ഷപദം ആരുടെയും ദൈവദത്ത അവകാശമല്ലെന്നും അത് ജനാധിപത്യപരമായി തീരുമാനിക്കപ്പെടട്ടേയെന്നുമാണ് പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചത്. കോണ്‍ഗ്രസിനെ ഒഴിവാക്കി തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ ചേരിക്ക് രൂപം നല്‍കാനുള്ള നീക്കം ദേശീയ തലത്തില്‍ ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് രാഹുലിനെതിരായ വിമര്‍ശം.
കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്ന ആശയം ശക്തമായ ഒരു പ്രതിപക്ഷത്തിന് അത്യന്താപേക്ഷിതമാണ്. എന്നുകരുതി കോണ്‍ഗ്രസ് നേതൃത്വം എന്നത് ഏതെങ്കിലുമൊരു വ്യക്തിക്ക് ദൈവദത്തമായി ലഭിച്ച അവകാശമൊന്നുമല്ല. പ്രത്യേകിച്ചും, പത്ത് വര്‍ഷത്തിനിടെ 90 ശതമാനം തെരഞ്ഞെടുപ്പുകളിലും തോറ്റ് നില്‍ക്കുമ്പോള്‍-പ്രശാന്ത് കിഷോര്‍ പറഞ്ഞു.
കോണ്‍ഗ്രസിനുവേണ്ടി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ പ്രശാന്ത് കിഷോര്‍ വീണ്ടുമെന്നുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ധാരണയായിട്ടില്ല. ഇതിനിടെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പല ഘട്ടങ്ങളിലും പ്രശാന്ത് കിഷോര്‍ ഒളിയമ്പെയ്യുന്നത്. അതിനിടെ, കോണ്‍ഗ്രസില്‍നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കുന്നതിനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റാണ് പ്രശാന്ത് കിഷോറെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ബംഗാള്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുവേണ്ടി തന്ത്രങ്ങളൊരുക്കിയത് പ്രശാന്ത് കിഷോറാണ്. അദ്ദേഹം വീണ്ടും കോണ്‍ഗ്രസുമായി അടുക്കാന്‍ ശ്രമമാരംഭിച്ചശേഷമാണ് ഗോവയില്‍നിന്നും ഹരിയാനയില്‍നിന്നും, ബിഹാറില്‍നിന്നുമെല്ലാം ഏതാനും നേതാക്കള്‍ തൃണമൂലിലേക്ക് പോയത്.
രാഹുല്‍ ഗാന്ധിക്കെതിരെ കഴിഞ്ഞ ദിവസം മമത ബാനര്‍ജിയും വിമര്‍ശനമുന്നയിച്ചിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനമെന്നത് നിരന്തര കഠിനാധ്വാനം ആണെന്ന് പറഞ്ഞ മമത, ഒരാള്‍ പകുതി സമയവും ഒന്നും ചെയ്യാതിരിക്കുകയും വിദേശത്തായിരിക്കുകയും ചെയ്താല്‍ എങ്ങനെ പ്രതിപക്ഷ പ്രവര്‍ത്തനം മുന്നോട്ടുപോകുമെന്ന് ചോദിച്ചു.