മഥുര- മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ ശ്രീകൃഷ്ണന്റെ ജലാഭിഷേകം നടത്തുമെന്ന പ്രഖ്യാപിച്ച ഹിന്ദു മഹാസഭ മഥുര ജില്ലാ പ്രസിഡന്റ് ഛായാ ഗൗതമിനെയും മഥുര പട്ടണത്തിലെ നേതാവ് ഋഷി ഭരദ്വാജിനെയും ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.
ബാബ്‌രി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് ജലാഭിഷേക ചടങ്ങ് നടത്തുമെന്നാണ് സംഘടന പ്രഖ്യാപിച്ചിരുന്നത്.
ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചുമാറ്റിയാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിര്‍മിച്ചതെന്നാണ് കൃഷ്ണജന്മഭൂമി മോചിപ്പിക്കണമെന്ന പ്രചാരണത്തിന് നേതൃത്വം നല്‍കു ഹിന്ദു മഹാസഭ അവകാശപ്പെടുന്നത്. ഇതിനായുള്ള പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഷാഹി ഈദ്ഗാഹ് പള്ളിയില്‍ ജലാഭിഷേകം ആസൂത്രണം ചെയ്തത്.
ജലാഭിഷേക പരിപാടി മാറ്റിവച്ചതായി പ്രഖ്യാപിച്ച് വീഡിയോ പ്രസ്താവന ഇറക്കാന്‍ മഥുര ജില്ലാ ഭരണകൂടം തന്നെ നിര്‍ബന്ധിക്കുകയാണെന്ന് ഹിന്ദു മഹാസഭ പ്രസിഡന്റ് രാജശ്രീ ചൗധരി ആരോപിച്ചു. ജലാഭിഷേക് പരിപാടി ഡിസംബര്‍ ആറിന് ഉറപ്പായും നടക്കുമെന്നും ആരാധനക്കുള്ള അവകാശം ആര്‍ക്കും കവര്‍ന്നെടുക്കാനാവില്ലെന്നും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരമകളുടെ മകളായ രാജശ്രീ പറഞ്ഞു.
കൃഷ്ണ ജന്മഭൂമി പ്രചാരണത്തെ പിന്തുണക്കുന്ന മറ്റൊരു ഹിന്ദുത്വ ഗ്രൂപ്പായ നാരായണി സേനയുടെ ദേശീയ അധ്യക്ഷന്‍ മനീഷ് യാദവ് ലഖ്‌നൗവില്‍ മരണം വരെ നിരാഹാര സമരം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സഹപ്രവര്‍ത്തകരെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിലുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ മരണം വരെ നിരാഹാരം കിടക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് അദ്ദേഹം പറഞ്ഞു.