മുംബൈ- നിരോധിത ഇടതുപക്ഷ തീവ്രവാദ സംഘടനയായ സിപിഐ (മാവോയിസ്റ്റ്) നേതാവുമായ കൊബട് ഗാന്‍ഡിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പ്രസ്താവന. പാര്‍ട്ടിയില്‍ നിന്ന് അകന്ന് കഴിയുകയും ആത്മീയപാത സ്വീകരിക്കുകയും ചെയ്തതിനാണ് നടപടിയെന്നും സിപിഐ മാവോയിസ്റ്റ് വക്താവ് അഭയിന്റെ പേരില്‍ നവംബര്‍ 27ന് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. നക്‌സല്‍ബാരി രാഷ്ട്രീയ തത്വങ്ങള്‍ പിന്തുടര്‍ന്ന് അര നൂറ്റാണ്ടിലേറെ കാലം പ്രവര്‍ത്തിച്ച ഗാന്‍ഡി ആദ്യം സിപിഐ (എംഎല്‍) കേന്ദ്ര കമ്മിറ്റി അംഗവും പിന്നീട് മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി നേതാവുമായിരുന്നു. പിന്നീട് സിപിഐ മാവോയിസ്റ്റ് പോളിറ്റ് ബ്യൂറോ അംഗമായി. തീവ്രവാദ കേസില്‍ 2009ല്‍ ജയിലിലായതിനു ശേഷമാണ് അദ്ദേഹം പാര്‍ട്ടിയുമായി അകന്നത്. ഇതിനു ശേഷം തനിക്കു പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന് സത്യസന്ധത നഷ്ടമായി എന്നും പ്രസ്താവനയില്‍ പറയുന്നു.
ഈ പ്രസ്താവ ഉള്ളതാണോ എന്നറിയാന്‍ വഴികളില്ലെന്ന് കൊബാട് ഗാന്‍ഡി പ്രതികരിച്ചു. ഉന്നത മാവോയിസ്റ്റ് നേതാവായിട്ടാണ് എന്നെ പോലീസ് മാധ്യമങ്ങളും വിശേഷിപ്പിച്ചിട്ടുള്ളത്. കോടതി എന്നെ എല്ലാ കുറ്റങ്ങളില്‍ നിന്നും വിമുക്തനാക്കുകയും പോലീസിന്റെ വാദം എല്ലായ്‌പ്പോഴും ഞാന്‍ തള്ളാറുള്ളതിനാലും ഇതൊരു പുതിയ തന്ത്രമാണോ എന്ന് സംശയമുണ്ട്- അദ്ദേഹം പറഞ്ഞു.