ലണ്ടന്‍- ആഗോളതലത്തില്‍ ജിവിക്കാന്‍ ഏറ്റവും ചെലവേറിയ നഗരമായി ഇസ്രാഈലിലെ തെല്‍ അവീവ്. ബുധനാഴ്ച ഇക്കണൊമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റ് പ്രസിദ്ധീകരിച്ച വേള്‍ഡ് വൈഡ് കോസ്റ്റ് ഓഫ് ലിവിങ് സൂചികയില്‍ അഞ്ചു നഗരങ്ങളെ കടത്തി വെട്ടിയാണ് തെല്‍ അവീവ് ഒന്നാമതെത്തിയത്. ലോകത്തൊട്ടാകെയുള്ള 173 നഗരങ്ങളിലെ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള വിലനിലവാരം യുഎസ് ഡോളറില്‍ താരതമ്യപ്പെടുത്തിയാണ് ഈ സൂചിക തയാറാക്കുന്നത്. ഡോളറിനെതിരെ ഇസ്രാഈലി കറന്‍സിയായ ഷെക്കേല്‍ കരുത്താര്‍ജ്ജിച്ചതും നഗരത്തിലെ ഗതാഗത, അവശ്യവസ്തുക്കളുടെ വില വര്‍ധനയുമാണ് തെല്‍ അവീവിന്റെ മുന്നേറ്റത്തിന് ഒരു കാരണം. ലോകത്ത് ജീവിക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞ നഗരം സിറിയയുടെ തലസ്ഥാനമായ ദമസ്‌കസ് ആണ്.
ചെലവേറിയ നഗരങ്ങളില്‍ പാരിസ്, സിംഗപൂര്‍ എന്നീ നഗരങ്ങള്‍ രണ്ടാം സ്ഥാനം പങ്കിട്ടു. തുടര്‍ന്ന് വരുന്നത് സൂറിച്ചും ഹോങ്കോങുമാണ്. ന്യൂയോര്‍ക്ക് ആറാമതും ജനീവ ഏഴാം സ്ഥാനത്തും എത്തി. കഴിഞ്ഞ തവണ പാരിസ് ആയിരുന്നു ഒന്നാമത്.