ന്യൂദല്‍ഹി- പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് കോടികള്‍ തട്ടി മുങ്ങിയ രത്ന വ്യവസായി നീരവ് മോഡിക്ക് ബെല്‍ജിയം പൗരത്വ രേഖകള്‍ ഉള്ളതായി സംശയം ബലപ്പെടുന്നു. എവിടെയാണെന്ന് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം പറയുമ്പോഴും മോഡി ന്യൂയോര്‍ക്കിലെ ജെ ഡബ്ല്യൂ മാരിയറ്റ് എസെക്സ് ഹൗസ് ഹോട്ടലിലെ ആഢംബര മുറിയില്‍ ഒളിഞ്ഞിരിക്കുന്നതായി വ്യക്തമായിട്ടുണ്ട്.
നാലാഴ്ചത്തേക്ക് പാസ്പോര്‍ട്ട് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്ചയാണ് മറുപടി നല്‍കാന്‍ മോഡിക്ക് സമയം നല്‍കിയിരിക്കുന്നത്. ഇതിനകം മറുപടി ലഭിച്ചില്ലെങ്കില്‍ മോഡിയുടേയും അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോക്സിയുടേയും പാസ്പോര്‍ട്ടുകള്‍ അസാധുവാക്കുകയോ പൂര്‍ണമായും റദ്ദാക്കുകയോ ചെയ്യുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇങ്ങനെ ചെയ്താല്‍ മോഡിക്ക് ഇപ്പോള്‍ കഴിയുന്ന രാജ്യം വിട്ട് പോകാന്‍ സാധിക്കില്ല.
മോഡിക്ക് ബെല്‍ജിയത്തിലേക്ക് കടക്കാന്‍ ആവശ്യമായ രേഖകള്‍ കൈവശമുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. മെഹുല്‍ ചോക്സിക്ക് ബെല്‍ജിയം പൗരത്വമുള്ളതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മോഡിയുടെ ഭാര്യ അമിക്ക് യു.എസ് പൗരത്വമുണ്ട്. ബെല്‍ജിയത്തില്‍ വളര്‍ന്ന മോഡിക്കും അവിടത്തെ രേഖകള്‍ കൈവശമുള്ളതായാണ് സംശയം. പാസ്പോര്‍ട്ട് റദ്ദാക്കിയതിലൂടെ അദ്ദേഹത്തെ യു.എസില്‍വെച്ച് കുടുക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ബെല്‍ജിയം രേഖകളുണ്ടെങ്കില്‍ ഇതു സാധ്യമാകില്ല. ഇന്ത്യന്‍ പാസ്പോര്‍ട്ട് ലഭിച്ച ശേഷം ബെല്‍ജിയത്തിന്റെ രേഖകള്‍ നേടിയെടുത്തതാണോ അല്ലെങ്കില്‍ ഇതു മറച്ചുവെച്ച് ഇന്ത്യന്‍ പാസ്പോര്‍ട്ട് എടുത്തതാണോ എന്ന് വ്യക്തമല്ല. ബെല്‍ജിയത്തിലേക്ക് കടന്നാലും മോഡിയെ പിടികൂടി നാടുകടത്തി ഇന്ത്യയിലെത്തിക്കാനാകും. എന്നാല്‍ നടപടിക്രമങ്ങള്‍ക്ക് കാലതാമസമെടുക്കും.
കഴിഞ്ഞ ദിവസം ടിവി ചാനലുകളിലാണ് മോഡി ന്യൂയോര്‍ക്കിലെ ആഢംബര ഹോട്ടലില്‍ കഴിയുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. 36 നിലകളുള്ള എസെക്സ് ഹൗസ് ഹോട്ടല്‍ സമുച്ചയത്തിനു സമീപത്തു തന്നെയാണ് മോഡിയുടെ രത്ന ഷോറൂമും ഉള്ളത്.
മോഡിയെ കുരുക്കിലാക്കാന്‍ സര്‍ക്കാരിന്റെ ആറ് ഏജന്‍സികളാണ് നടപടികളുമായി മുന്നോട്ടു പോകുന്നത്. നികുതി വകുപ്പ് ഇതിനകം മോഡിയുടെ 29 സ്വത്തുകളും ബന്ധുക്കളുടേതടക്കം 100 ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടി. 35 കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ശ്ക്തിപ്പെടുത്തി. നേരത്തെ 5100 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടിയ ഏജന്‍സി 500 കോടി രൂപയുടെ ആസ്തികളും പിടിച്ചെടുത്തിട്ടുണ്ട്.