Sorry, you need to enable JavaScript to visit this website.

തട്ടിപ്പും പാർട്ടി വളർച്ചയും

അഴിമതി അവസാനിപ്പിക്കാൻ വേണ്ടി കച്ചകെട്ടി ഇറങ്ങിയവർ ആരെങ്കിലുമുണ്ടോ? ചരിത്രം കമാന്നു മിണ്ടുന്നില്ല. അഥവാ, ഇറങ്ങിയിട്ടുണ്ടെങ്കിൽ അവർ 'ഇല്ലം കണ്ടു മരിച്ചിട്ടില്ല'. ഇക്കഥ അറിയാഞ്ഞിട്ടല്ല സഹകരണ മന്ത്രി വാസവൻ സഖാവ് അത്തരമൊരു പ്രസ്താവന നടത്തിയത്. കാലിക്കറ്റ് പ്രസ് ക്ലബിലായിരുന്നുവെങ്കിലും പുട്ടിനു തേങ്ങാപ്പീര ചേർക്കുന്നതുപോലെ വാചകങ്ങളിൽ വേണം ചില വീരവാദങ്ങൾ. തെരഞ്ഞെടുപ്പു കാലത്ത് ഇത്തരം വെടിക്കെട്ടുകൾ കൊണ്ടാണ് പൂരം കൊഴുപ്പിക്കുന്നത്. മന്ത്രിയായാൽ പിന്നെ കടിഞ്ഞാണും കവഞ്ചിയും കരുതണം. പക്ഷേ, വാസവൻ മന്ത്രി 'സഹകരണ സംഘങ്ങളിലെ തട്ടിപ്പ്' തടയാൻ നിയമം വരെ നിർമിച്ചു കളഞ്ഞു! പോരാഞ്ഞ് വർഗ ശത്രുവായ സി.എ.ജിയുടെ ഒരുദ്യോഗസ്ഥന് ക്ഷണക്കത്തും കൊടുത്തു, സൗകര്യമുള്ളപ്പോൾ വന്ന് ഓഡിറ്റ് തുടങ്ങിക്കൊള്ളുവാൻ! എന്തുമാത്രം പണച്ചെലവുളള കാര്യമാണെന്ന് സഖാവ് ഓർത്തിരിക്കുകയില്ല! പ്രായം അറുപത്തിയേഴു കഴിഞ്ഞെങ്കിലും ഭരണത്തിൽ പുതുമുഖമല്ലേ! ഒരു പ്രമുഖ ഇടതുപാർട്ടി ദുഷ്ച്ചു നാറിയ ചീഞ്ഞളിഞ്ഞ ഉദ്യോഗസ്ഥ മേധാവിത്വത്തിനു കീഴിൽ ചെന്നുപെട്ടു എന്നു പറഞ്ഞാൽ കഥ മുക്കാലും കഴിഞ്ഞു. കർഷക സമരത്തിനു മുന്നിൽ മോഡിജിയുടെ 'പൊസിഷൻ' ഇതിലും ഭേദമായിരുന്നുവെന്നു നിഷ്പക്ഷന്മാർ സമ്മതിക്കും.


നല്ല ഒന്നാന്തരം 'ഡിഫി' സഖാക്കൾ യുവ കാർഡുകൾ കൈവശമുണ്ടായിട്ടും ഇങ്ങനെയൊരു  അബദ്ധം കാട്ടുമെന്ന് ആചാര്യന്മാരോ, അനന്തരവന്മാരോ നിരൂപിച്ചിരിക്കില്ല. രാവിലെ പത്തു കാഡറുകളെ വിളിച്ച് 'അറ്റൻഷനാക്കി' നിർത്തി, അഴിമതിയുടെയും തട്ടിപ്പിന്റെയും 'ചാർട്ട്' കൈകളിൽ ഏൽപിക്കുന്നു. അവർ കുറ്റവാളികളുടെ സഹകരണ സംഘത്തിലേക്കു മാർച്ച് ചെയ്യുന്നു. ശേഷം ചില രംഗങ്ങൾ സംഘർഷാത്മകമായിരിക്കും; സാരമില്ല. ഹൃദ്രോഗികളും രക്തസമ്മർദക്കാരും കാണണ്ട. പക്ഷേ തട്ടിപ്പും അഴിമതിയും അതോടെ പമ്പ മാത്രമല്ല, ഗംഗ, യമുന, ബ്രഹ്മപുത്ര നദികളും കടക്കും. പാർട്ടിയിൽ ചർച്ച ചെയ്യാതെയാണെന്നു തോന്നുന്നു, മന്ത്രിയുടെ പ്രസ്താവന. ബൂർഷ്വ ഉദ്യോഗസ്ഥരെ ഏൽപിക്കുന്നതിലും ഭേദം ഭരണം കുറേക്കൂടി ആധുനികമാക്കാമായിരുന്നു. ആളില്ലാ വിമാനം, ഹെലികോപ്റ്റർ, ഡ്രോൺ തുടങ്ങി ചില സംവിധാനങ്ങൾ ഈയിടെ മോഡിജി വ്യോമസേനയെ ഏൽപിച്ച കാര്യം അറിയാത്തവരില്ല. നമ്മുടെ പോലീസ് സേന 'ഡ്രോൺ' ഉപയോഗിച്ചു വിലസിയതും ഒടുവിൽ വാടക കൊടുത്ത ശേഷം നെഞ്ചിൽ കൈവെച്ചതും കഴിഞ്ഞ വർഷമായിരുന്നല്ലോ. 'ഡിഫി' വേണ്ടെങ്കിൽ 'ഡ്രോൺ' ആകാമായിരുന്നു. പൂവിനു മേൽ വണ്ട് വട്ടമിട്ടു പറക്കുന്നതു പോലെ ഡ്രോൺ സഖാവ് പറന്നു നടക്കുന്നു. അവന്റെ ക്യാമറയിൽ പെടാത്ത ഒന്നും സഹകരണ സംഘം ആപ്പീസിൽ അവശേഷിക്കുകയില്ല. രാത്രിയായാൽ പോലും അടയാത്ത പിൻവാതിൽ അപ്രത്യക്ഷമാകുന്നു.                                          

    ****                      ****            ******

1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യം ഒരു സ്വാതന്ത്ര്യമല്ലെന്നും അതൊരു 'ഭിക്ഷ'യാണെന്നും ഈയിടെ     ഒരു ഹിന്ദി നടി പ്രസ്താവിച്ചു കണ്ടു. ഊളൻപാറയും കുതിരവട്ടവും കേരളത്തിലായത് ഭാഗ്യം. അവര് എന്തുവേണേൽ പറഞ്ഞോട്ടെ 'റണൗട്ടാ'കാൻ ഇനി അധികം വേണ്ടിവരില്ല. ഇവിടെ 21 നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ തല്ലുകൊണ്ടവരുടെ ചരിത്രമാണ് പ്രസക്തം. അത് യൂത്ത് കോൺഗ്രസാണ്. തർക്കം വേണ്ട, സ്വീകാര്യമല്ല. കഴിഞ്ഞയാഴ്ച കൊല്ലത്തു കടയിൽ സാധനം വാങ്ങാൻ ചെന്ന യുവ ഖദർധാരിയെയും ആരോ പിന്നിൽ നിന്നു വെട്ടി. പിന്നിൽ നിന്നാകയാൽ പ്രതി കോൺഗ്രസ് തന്നെയാണെന്ന് ആദ്യം പലരും സംശയിച്ചു. രണ്ടു യുവ രക്തസാക്ഷികളുടെ ചിത്രം കാട്ടി വോട്ട് ചോദിച്ചിട്ടും 99 സീറ്റ് നേടിയാണ് ഇടതുമുന്നണിക്കാർ കസേര കൈയടക്കിയത്. ഇന്നത്തെ കാലാവസ്ഥയിൽ കോവിഡ് പോലും അവഗണിച്ചു. അടി ചോദിച്ചു വാങ്ങുകയാണ് യുവ തുർക്കികൾ! ഇടതു സംഘടനയായ 'ഡിഫി'യുടെ ഗ്ലാമർ ഡൈ പുരട്ടിയ മുഖരോമം പോലെ ഒലിച്ചിറങ്ങിക്കൊണ്ടേയിരിക്കുന്നു. അവർക്കു സമരം ചെയ്യണമെങ്കിൽ ഇന്ത്യയിലെ ഏക മുഖ്യമന്ത്രിയുടെ അനുവാദം വേണമത്രേ! 'മോഡിക്കെതിരെ സമരം' എന്നു കേട്ടാൽ മൗനമാണ് മറുപടി. കോൺഗ്രസിനെതിരെയെങ്കിൽ ആദ്യം ഇന്ത്യയുടെ ഭൂപടത്തിൽ ആ കക്ഷി ഭരിക്കുന്ന സംസ്ഥാനങ്ങൾ കണ്ടുപിടിക്കണം.

 

കഷണ്ടിത്തലയിൽ രോമം തിരയുന്നതു പോലെ ആയാസകരമാണ് സംഗതി. അതിനു ശേഷം ആ അപൂർവ സംസ്ഥാനങ്ങളിൽ ഡി.വൈ.എഫ്.ഐയുണ്ടോ എന്ന് കണ്ടുപിടിക്കണം. ഇല്ലാത്തപക്ഷം കേരളത്തിൽനിന്നു കയറ്റി അയക്കണം. കഴിഞ്ഞ അഞ്ചു കൊല്ലമായി ഉച്ചക്കഞ്ഞി പോലും ദില്ലിയിലെത്തിക്കേണ്ട അവസ്ഥയാണ്. കോൺഗ്രസിനെ അടുത്ത പാർട്ടി കോൺഗ്രസ് വരെ എതിർക്കാതെ കഴിയില്ല. കാരണം പ്രശ്‌നമല്ല. ഇടതുമുന്നണിയുടെ കൺവീനർ (അതും താൽക്കാലിമാണോ എന്നറിയില്ല) വിജയരാഘവൻ സഖാവിന്റെ പ്രസ്താവന ഇക്കാര്യത്തിൽ രോമാഞ്ചദായകവും വെളിച്ചം വീശുന്നതുമാണ്: കേന്ദ്ര നയത്തിനെതിരെ സമരം ചെയ്യാതിരിക്കുന്ന യു.ഡി.എഫിനെയും അതിനു പിന്തുണ നൽകുന്ന (!) ബി.ജെ.പിയെയും (പിന്നെ പതിവു പോലെ) വിലക്കയറ്റത്തെയും തുറന്നുകാട്ടി സമരം ചെയ്യാൻ സി.പി.എം ഒരുങ്ങുകയാണ്! ഇതിനെയൊക്കെയാണ് 'തീസിസ്' എന്നു വിളിക്കേണ്ടത്.                                            

   ****                                        ****

സി.പി.എം തൊടുത്തുവിട്ട മിസൈൽ ഒരു ഒന്നൊന്നര പ്രകടനമാണ്. പതിനെട്ടു വയസ്സു കഴിഞ്ഞ പെൺകുട്ടികളെ ലോക്കൽ കമ്മിറ്റികളിൽ പ്രതിനിധികളാക്കി വാഴിക്കും. പത്തു ശതമാനം കുട്ടികൾ സെക്രട്ടറിമാരാകും- ങും, കാണട്ടെ എന്നാണ് ഭാവം! പാവം കോൺഗ്രസ് ഇതിന് എവിടെപ്പോകും? ദേശീയ പാർട്ടിയാണ്. ആഢ്യത്വവും പേരും അത്യാവശ്യം പേരുദോഷവുമൊക്കെയുണ്ട്. പക്ഷേ, 'അഷ്ടിക്കു വകയില്ല, വോട്ടിന് ആളുമില്ല' എന്നതാണ് അവസ്ഥ. ഇറക്കി കളിക്കാൻ ശീട്ടില്ല. എന്നാലോ, ഗ്രൂപ്പിന്റെ പിടിവിടുകയുമില്ല. പുനഃസംഘടന എന്ന മഹായജ്ഞത്തിനായി ഹൈക്കമാന്റും ലോ കമാന്റുമാരായ താരിഖ് അൻവറും സുന്ദരക്കുട്ടപ്പനായ കെ.സി. വേണുഗോപാലും സുധാകര ഗുരുവും പരികർമിയായ സതീശനാശാനും കൂടിയിട്ടും മഴ പെയ്യുന്നില്ല. സ്വതവേ ഭയന്ന കൂട്ടരായ ഹൈക്കമാന്റിനെ കണ്ണുരുട്ടി പേടിപ്പിക്കുന്നതിന്റെ ചുമതല ഇപ്പോൾ പുതുപ്പളളിയിലെ കുഞ്ഞൂഞ്ഞച്ചായനാണ്. ഭീഷണികൾ യഥാസമയം ഓൺലൈൻ വഴിയും നേരിട്ടും എത്തിക്കുകയാണ് അദ്ദേഹത്തിന്റെ ജോലി. വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ. അഞ്ചു കൊല്ലത്തേക്കാണോ എന്നറിയില്ല.


സി.പി.എമ്മിന്റെ 'യുവ മിസൈൽ' വെല്ലുവിളി ഏറ്റെടുക്കാൻ ബി.ജെ.പിക്കേ കഴിയൂ എന്നാണ് വർത്തമാനം. തെരഞ്ഞെടുപ്പു ഫണ്ടിന്റെ ബലം കൊണ്ടു മാത്രമല്ല, ലോകം പ്രതീക്ഷിക്കുന്നതിലുമപ്പുറം ബുദ്ധിജീവികൾ കടന്നു  കൂടുകെട്ടിപ്പാർക്കുകയാണവിടെ. നൂറ്റിനാൽപതു മണ്ഡലം കമ്മിറ്റികളെ നെടുകെ രണ്ടായി പിളർന്ന് ഇരുനൂറ്റിഎൺപതാക്കി മാറ്റിയ ഒരു മഹാവിദ്യ അവർ അവതരിപ്പിച്ചു. ഇങ്ങനെ നൂറു ശതമാനം വളർച്ച നേടിയ ഒരു പാർട്ടി ലോക ചരിത്രത്തിൽ കണ്ടെന്നു വരില്ല. അതിനെ 'ഐതിഹാസികം' എന്നു വിളിച്ചാൽ ഒട്ടും കൂടിപ്പോകുകയില്ല.
 

Latest News