Sorry, you need to enable JavaScript to visit this website.

കര്‍ഷകരുടെ മരണത്തിന് രേഖയില്ല,  ധനസഹായം നല്‍കില്ലെന്ന് കേന്ദ്രം

ന്യൂദല്‍ഹി- കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരുടെ മരണത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാറിന്റെ കൈവശം രേഖയില്ലെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമോയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് പാര്‍ലമെന്റില്‍ രേഖാമൂലം മറുപടി പറയുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മന്ത്രാലയത്തിന്റെ കൈവശം ഇതുസംബന്ധിച്ച യാതൊരു രേഖയുമില്ല. അതിനാല്‍ ഈ ചോദ്യം ഉന്നയിക്കേണ്ട ആവശ്യമില്ലെന്ന് കൃഷിമന്ത്രി പ്രതികരിച്ചു.
ഇതേതുടര്‍ന്ന് കൃഷിമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ലഭിക്കാതെ രാജ്യത്ത് ആരും മരിച്ചില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തിന് സമാനമാണ് ഈ മറുപടിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.
കേന്ദ്ര സര്‍ക്കാറിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വര്‍ഷമായി ദല്‍ഹിയിലെ അതിര്‍ത്തിയില്‍ തുടരുന്ന പ്രക്ഷോഭത്തിനിടെ 700ഓളം കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തിങ്കളാഴ്ച മൂന്ന് കാര്‍ഷിക നിയമങ്ങളും പാര്‍ലമെന്റ് പിന്‍വലിച്ചിരുന്നു. ചര്‍ച്ച ഒഴിവാക്കി മിനിട്ടുകള്‍ക്കകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നിയമങ്ങള്‍ പിന്‍വലിച്ചത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും സമരം പിന്‍വലിക്കാന്‍ കര്‍ഷക സംഘടനകള്‍ തയാറായിട്ടില്ല. കര്‍ഷകര്‍ ഉന്നയിക്കുന്ന മറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടാല്‍ മാത്രമേ പ്രക്ഷോഭം അവസാനിപ്പിക്കുവെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതികരണം.
 

Latest News