ന്യൂദല്‍ഹി- സ്‌കൂട്ടറില്‍ മുന്നിലും പിന്നിലും SEX കാരണം വെട്ടിലായ ദല്‍ഹി സ്വദേശിനിയായ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിനി താന്‍ ഏറെ കാത്തിരുന്നു കിട്ടിയ സമ്മാനം ഇനി എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ്. ഊഹം വഴിതെറ്റേണ്ട. ഈ സംഭവത്തില്‍ സ്‌കൂട്ടറും ലൈംഗികതയും തമ്മില്‍ ഒരു ബന്ധവുമില്ല. ദല്‍ഹി ഗതാഗത വകുപ്പ് സ്‌കൂട്ടറുകള്‍ക്കു നല്‍കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ആണ് ഇവിടെ വില്ലന്‍. സ്‌കൂട്ടറിലെ മുന്നിലേയും പിന്നിലേയും നമ്പര്‍ പ്ലേറ്റുകളും. ജനക്പുരിയില്‍ നിന്ന് നോയ്ഡ വരെ ദിവസവും ക്ലാസിനു പോകുമ്പോള്‍ മെട്രോയിലെ തിരക്ക് മടുത്താണ് യുവതി ഒരു സ്‌കൂട്ടര്‍ വാങ്ങിത്തരാന്‍ അച്ഛനോട് ആവശ്യപ്പെട്ടത്. ഒരു വര്‍ഷത്തോളം കഴിഞ്ഞ ഈ ദിപാവലിക്കാണ് സമ്മാനമായി അച്ഛന്‍ സ്‌കൂട്ടര്‍ വാങ്ങിക്കൊടുത്തത്. അവസാനം ആര്‍ടിഒ നല്‍കിയ നമ്പര്‍ പതിച്ച സ്‌കൂട്ടറുമായി യുവതി പുറത്തിറങ്ങിയപ്പോഴാണ് പുകിലായത്. നമ്പര്‍ പ്ലേറ്റിലേക്ക് നോക്കി എല്ലാവരും കളിയാക്കാന്‍ തുടങ്ങി. ഇതോടെ സ്‌കൂട്ടറെടുത്ത് പുറത്തിറങ്ങാന്‍ പറ്റാതായി. നമ്പര്‍ പ്ലേറ്റില്‍ SEX എന്നെഴുതിയതാണ് പ്രശ്‌നമായത്. DL 3 SEX **** എന്നാണ് നമ്പര്‍ പ്ലേറ്റ്. നാണമില്ലെ എന്നു പറഞ്ഞ് അയല്‍ക്കാരായ ആന്റിമാരും ചുറ്റിലുമുള്ള എല്ലാവരും വലിയ ശല്യമായി മാറിയിരിക്കുന്നു എന്ന് യുവതി പറഞ്ഞു.
പുകിലായതോടെ നമ്പര്‍ മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ ഡീലറെ സമീപിച്ചു. എന്നാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നു പറഞ്ഞ് കൈമലര്‍ത്തി. ദല്‍ഹിയില്‍ ഇപ്പോള്‍ നിലവിലുള്ള നമ്പര്‍ സീരീസ് E X ആണ്. സ്‌കൂട്ടര്‍ ആണെന്ന് സൂചിപ്പിക്കാന്‍ ഇതിനൊപ്പം S കൂടി ചേര്‍ക്കുന്നതോടെ നമ്പര്‍ പ്ലേറ്റില്‍ ഇത് SEX ആകും. EX സീരീസിലെ നമ്പറുകള്‍ അവസാനിക്കുന്നതുവരെ ഇങ്ങനെ ആയിരിക്കും. ഏതായാലും ഇതൊന്ന് മാറ്റി നല്‍കാമോ എന്നന്വേഷിച്ച് യുവതിയുടെ അച്ഛന്‍ സരായ് കാലന്‍ ഖാന്‍ ആര്‍ടിഒയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കളിയാക്കലുകളും കമന്റുകളും സഹിക്കവയ്യാതെ യുവതി ഇപ്പോല്‍ തന്റെ സ്‌കൂട്ടര്‍ വീട്ടിനകത്ത് കെട്ടിപ്പൂട്ടി വച്ചിരിക്കുകയാണ്.