ന്യൂദല്‍ഹി- കോവിഡിന്റെ പുതിയ വകഭേദം ഓമിക്രോണ്‍ ഭീഷണി തടയാന്‍ വിവിധ രാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങളും പുതിയ മാര്‍ഗനിര്‍ദേശങ്ങളും നടപ്പിലാക്കിയതോടെ വിമാന യാത്രാ നിരക്കുകളും കുത്തനെ വര്‍ധിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പരിമിത രാജ്യാന്തര സര്‍വീസുകളെ ഇപ്പോഴുള്ളു. ഇതിനിടെ ഒമിക്രോണ്‍ ആശങ്കകൂടി ഉയര്‍ന്നതോടെ വിമാന കമ്പനികളും നിരക്കുകള്‍ കുത്തനെ കൂട്ടി. ഇന്ത്യയില്‍ നിന്നും യുഎഇ, യുഎസ്, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങളിലേക്കുള്ള നിരക്കുകളിലാണ് വന്‍ വര്‍ധന.
ദല്‍ഹിയില്‍ നിന്ന് കാനഡയിലെ ടൊറന്റോയിലേക്ക് 2.37 ലക്ഷം രൂപയാണ് ഇപ്പോള്‍ നിരക്ക്. ഏതാണ്ട് 80000 രൂപയായിരുന്നു സാധാരണ നിരക്ക്. ബ്രിട്ടന്റെ റെഡ് ലിസ്റ്റില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയതു മുതലാണ് ബ്രിട്ടനിലേക്കുള്ള നിരക്കുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയത്. ദല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് 60,000 രൂപയായിരുന്നു നിരക്ക്. ഇതിപ്പോള്‍ 1.2 ലക്ഷമായി ഉയര്‍ത്തിയിരിക്കുന്നു. കുറഞ്ഞ എണ്ണം വിമാനങ്ങളും കൂടുതല്‍ യാത്രക്കാരുടെ തള്ളിച്ചയുമാണ് നിരക്ക് വര്‍ധനയ്ക്ക് മറ്റൊരു കാരണം.
ദല്‍ഹിയില്‍ നിന്ന് യുഎഇയിലേക്ക് 20000 രൂപയോളമായിരുന്ന നിരക്ക് ഇപ്പോള്‍ 33000 രൂപയായി ഉയര്‍ന്നു. 90000 രൂപ മുതല്‍ 1.2 ലക്ഷം രൂപവരെയായിരുന്നു ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള നിരക്ക്. ഇത് 1.7 ലക്ഷമായി ഉയര്‍ന്നു. ചിക്കാഗോ, വാഷിങ്ടന്‍ ഡിസി, ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളിലേക്കുള്ള നിരക്കുകള്‍ ഇരട്ടിയാണ് വര്‍ധിച്ചത്. ബിസിനസ് ക്ലാസ് ടിക്കറ്റ് നിരക്ക് ആറു ലക്ഷം രൂപയോളം വരും ഇപ്പോള്‍.