പൂനെ- ആറു മാസത്തിലേറെയായി അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങി നടന്ന സ്വര്‍ണക്കടത്ത് കേസ് പ്രതിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം ഒരു വിവാഹ ചടങ്ങില്‍വച്ച് പിടികൂടി. പൂനെ അംബി വാലി സിറ്റിയില്‍ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രതി സഞ്ജയ് അഗര്‍വാള്‍. ഏപ്രിലില്‍ കോടി ഇയാള്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ഇറക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആഴ്ചകള്‍ക്ക് മുമ്പ് അതും കോടതി തള്ളിയിരുന്നു. സ്വര്‍ണ കള്ളക്കടത്തും ഇറക്കുമതി ചെയ്ത തീരുവയില്ലാത്ത സ്വര്‍ണം നിയമവിരുദ്ധ വഴികളിലേക്ക് മാറ്റുകയും ചെയ്യുകയാണ് ഇദ്ദേഹത്തിന്റെ രീതി. ഇങ്ങനെ വെളുപ്പിച്ചെടുക്കുന്ന കടത്തു സ്വര്‍ണം വില്‍പ്പന നടത്തി പണമുണ്ടാക്കി മറ്റുള്ളവരുടെ പേരില്‍ സ്വത്ത് വാങ്ങുകയാണ് പ്രതി ചെയ്തിരുന്നത്. ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ് ഏറ്റെടുത്തത്.