ന്യൂദല്‍ഹി- കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപന ഭീഷണി നേരിടുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിന്‍ വിതരണം അടക്കമുള്ള സഹായമാണ് ഇന്ത്യ വാഗ്ദാനം ചെയ്തത്. ഒമിക്രോണ്‍ ബാധിച്ച രാജ്യങ്ങള്‍ക്കൊപ്പമാണെന്നും പ്രത്യേകിച്ച് വൈറസ് വകഭേദത്തെ നേരിടാന്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വാക്‌സിനു പുറമെ ജീവന്‍രക്ഷാ മരുന്നുകള്‍, ടെസ്റ്റ് കിറ്റുകള്‍, പിപിഇ കിറ്റുകള്‍, വെന്റിലേറ്റര്‍ അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങി ആവശ്യമായവ എത്തിക്കാന്‍ ഇന്ത്യ തയാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
യുഎന്നിന്റെ വാക്‌സിന്‍ വിതരണ പദ്ധതിയായ കോവാക്‌സ് മുഖേനയോ അല്ലെങ്കില്‍ ഉഭയകക്ഷി മാര്‍ഗത്തിലൂടെയോ വാക്‌സിന്‍ എത്തിക്കാനാകും. ആഫ്രിക്കന്‍ രാജ്യങ്ങളായ മലാവി, എത്തിയോപിയ, സാംപിയ, മൊസാംബിക്, ഗിനിയ, ലെസോതോ എന്നീ രാജ്യങ്ങളിലേക്കുള്ളവ ഉള്‍പ്പെടെ കോവാക്‌സ് വഴിയുള്ള കോവിഷീല്‍ഡ് വാക്‌സിന്‍ ആവശ്യപ്പെട്ടുള്ള എല്ലാ ഓര്‍ഡറുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ബോട്‌സ്വാനയിലേക്കുള്ള കോവാക്‌സിന്‍ വിതരണത്തിനും അനുമതി നല്‍കി. വീണ്ടും ആവശ്യമായി വരുന്ന ഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ത്വരിതപ്പെടുത്തുകയും ചെയ്യും- മന്ത്രാലയം അറിയിച്ചു.
41 ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കായി ഇന്ത്യ ഇതുവരെ 2.5 കോടി ഡോസ് ഇന്ത്യന്‍ നിര്‍മിത വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ഗ്രാന്റായി നല്‍കിയ 10 ലക്ഷം ഡോസുകളും 33 രാജ്യങ്ങളിലേക്ക് കോവാക്‌സ് മുഖേന നല്‍കിയ 16 ലക്ഷം ഡോസുകളും ഉള്‍പ്പെടും.