Sorry, you need to enable JavaScript to visit this website.

വൻ പ്രതിഫലത്തിന് വേണ്ടപ്പെട്ടവരെ നിയമിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം പ്രസാർ ഭാരതി തള്ളി

ന്യൂദൽഹി- ഓൾ ഇന്ത്യ റോഡിയോ, ദൂർദർശൻ എന്നീ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാരെ മുഴുവൻ പിരിച്ചു വിട്ട് സർക്കാർ നിർദേശിക്കുന്നവരെ നിയമിക്കണമെന്ന കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദേശം കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ പ്രസാർ ഭാരതി തള്ളി. സർക്കാരിൻെ നീക്കം പ്രസാർ ഭാരതി നിയമത്തിന്റെ ലംഘനമാണെന്നും പ്രസാർ ഭാരതി ഒരു സ്വയംഭരണ സ്ഥാപനമാണെന്നും ചെയർമാൻ എ സൂര്യപ്രകാശ് വ്യക്തമാക്കി. വ്യാഴാഴ്ച ചേർന്ന ബോർഡ് യോഗത്തിലാണ് ചെയർമാനും അംഗങ്ങളും ശക്തമായ നിലപാടെടുത്തത്. ഓൾ ഇന്ത്യ റേഡിയോയിലേയും ദൂർദർശനിലേയും ജീവനക്കാരിലേറെയും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്. ബദൽ മാർഗങ്ങളൊന്നും ഏർപ്പെടുത്താതെ ഇവരെ പിരിച്ചുവിടുന്നത് ഇരുസ്ഥാപനങ്ങളേയും തകർച്ചയിലേക്ക് നയിക്കുമെന്നാണ് പ്രസാർ ഭാരതി ഉദ്യോഗസ്ഥർ പറയുന്നു.

സർക്കാർ അനുകൂലികളായ രണ്ടു മുതിർന്ന മാധ്യമ പ്രവർത്തകരെ നിയമിക്കണെന്ന മന്ത്രാലയത്തിന്റെ ആവശ്യവും പ്രസാർ ഭാരതി തള്ളി. സിദ്ധാർത്ഥ് സാറാബി, അഭിജിത് മജുംദാർ എന്നവരെ നിയമിക്കണമെന്നായിരുന്നു നിർദേശം. വൻ പ്രതിഫലം നൽകി ഇവരെ നിയമിക്കാനാകില്ലെന്നാണ് പ്രസാർ ഭാരതി ബോർഡിന്റെ തീരുമാനം. സിദ്ധാർത്ഥ് സാറാബിക്ക് പ്രതിവർഷം ഒരു കോടി രൂപയും അഭിജിത് മജുംദാറിന് പ്രതിവർഷം 75 ലക്ഷം രൂപയും പ്രതിഫലം നൽകണമെന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നിലവിൽ പ്രസാർ ഭാരതി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നവർക്ക് നൽകുന്ന പരമാവധി വാർഷിക പ്രതിഫലം 20 ലക്ഷത്തോളം രൂപ മാത്രമെ ഉള്ളൂ. പ്രതിവർഷം ഒരു കോടി രൂപ നൽകി നിയമനം നടത്തുന്നത് ന്യായീകരിക്കാനാകില്ലെന്നും ബോർഡ് നിലപാടെടുത്തു. 

ഉത്തർപ്രദേശിലെ കസ്ഗഞ്ചിൽ സംഘപരിവാർ മുസ്ലിംകളെ ഉന്നമിട്ട് നടത്തിയ വർഗീയ കലാപം വ്യാജ വാർത്ത പ്രചരിപ്പിച്ച് ആളിക്കത്തിക്കാൻ ശ്രമിച്ചയാളാണ് മെയിൽ ടുഡെ എഡിറ്ററായ അഭിജിത് മജുംദാർ. കലാപത്തിൽ രണ്ടു ഹിന്ദു യുവാക്കൾ കൊല്ലപ്പെട്ടെന്ന വ്യാജ വാർത്തയാണ് ഇയാൾ ട്വീറ്റ് ചെയ്തത്.

സർവീസിലിരിക്കുന്ന ഒരു ഐ.എ.എസ്  ഓഫീസറെ പ്രസാർ ഭാരതി ബോർഡ് അംഗമാക്കണമെന്ന നിർദേശവും ബോർഡ് തള്ളി. പ്രസാർ ഭാരതി നിയമ പ്രകാരം ഉപരാഷ്ട്രപതി നിർദേശിക്കുന്നവരെയാണ് അംഗമായി നിയമിക്കേണ്ടത്. ഈ നിയമം പാലിക്കാതെ മന്ത്രാലയം നിയമ നിർദേശം നേരിട്ടു നൽകിയത് ഉപ രാഷ്ട്രപതിയുടെ ഓഫീസിനെ താഴ്ത്തിക്കെട്ടുന്നതാണെന്നും ബോർഡ് നിലപാടെടുത്തു.

ദൂരദർശന്റെ സൗജന്യ ഡിഷ് സേവനത്തിലുൾപ്പെട്ട ചാനലുകളുടെ ഇ-ലേലം നിർത്തിവയ്ക്കണമെന്ന മന്ത്രാലയത്തിന്റെ നിർദേശവും തള്ളി. ഇതു ചെയ്താൽ പ്രസാർ ഭാരതിക്ക് 300 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. 2004ൽ 33 ചാനലുകളുമായി തുടങ്ങിയ ഈ സേവനം മുഖേന ഇപ്പോൾ രണ്ടു കോടിയോളം വീടുകളിൽ 104 ടിവി ചാനലുകളും 40 റേഡിയോ ചാനലകളും എത്തുന്നുണ്ട്. ഈ നിർദേശങ്ങൾ സ്വാകാര്യ ഡിഷ് സേവന ദാതാക്കളെ വൻ തോതിൽ സഹായിക്കുന്നതാണെന്നും ബോർഡ് വിലയിരുത്തി.
 

Latest News