Sorry, you need to enable JavaScript to visit this website.

ഞങ്ങളെ ഒറ്റപ്പെടുത്തരുത്, ഇത് വേദനാജനകമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്

ജോഹന്നസ്ബര്‍ഗ്- കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയതിന്റെ പേരില്‍ ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് ലോകരാജ്യങ്ങള്‍ പിന്‍മാറണമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒട്ടേറെ രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് വേദനാജനകമാണ്. ലോക രാജ്യങ്ങളുടെ തീരുമാനം നിരാശാജനകമാണെന്നും യാത്രാവിലക്കുകള്‍ക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെന്നും സിറില്‍ റമഫോസ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒമിക്രോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 18 രാജ്യങ്ങള്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തിയതിനെതിരെയാണ് പ്രതികരണം. ഒമിക്രോണിനെതിരെ വിവിധ രാജ്യങ്ങളില്‍ ജാഗ്രത ശക്തമാണ്. തെക്കേ ആഫ്രിക്കയിലെ 10 രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര യുകെ നിരോധിച്ചിരുന്നു. ജര്‍മനി, ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, നമീബിയ എന്നിവയ്ക്കു പുറമേ ഹോങ്കോങ്, ഇസ്രയേല്‍, ബല്‍ജിയം എന്നിവിടങ്ങളിലും ഒമൈക്രോണ്‍ വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആശങ്കയുടെ സാഹചര്യത്തില്‍ യുഎസ് 8 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. കാനഡ, സൈപ്രസ് എന്നീ രാജ്യങ്ങളും യാത്ര വിലക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് ബംഗ്ലദേശും ശ്രീലങ്കയും പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്കയും ഹോളണ്ടും തമ്മില്‍ നടക്കാനിരുന്ന ഏകദിന ക്രിക്കറ്റ് പരമ്പരയും മാറ്റിവച്ചു. തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌യുഎഇയും ഒമാനും പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി. യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദും ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളും റദ്ദാക്കിയിരുന്നു. ഇറാന്‍, ബ്രസീല്‍, തായ്‌ലന്‍ഡ്, ഇസ്രായില്‍, തുര്‍ക്കി, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയ്ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
 

Latest News