തലശ്ശേരി- കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ശക്തനായ എതിരാളിയും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പില്‍ ഡി.സി.സി നിര്‍ദേശിച്ച ഔദ്യോഗിക പാനലിനെതിരെ ദിവാകരന്റെ നേതൃത്വത്തില്‍ വിമത പാനല്‍ മത്സരിക്കാന്‍ തയാറായി പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നതാണ് നടപടിക്ക് കാരണം. ഇതിനിടെ മമ്പറം ദിവാകരനെ പിന്‍തുണച്ച കോണ്‍ഗ്രസ് മമ്പറം മണ്ഡലം പ്രസിഡന്റ് കെ.കെ. പ്രസാദിനെയും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ ദിവാകരന്റെ പാനലില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് ഇ.ജി. ശാന്തയെയും പാര്‍ട്ടിയില്‍ നിന്ന് ഡി.സി.സി.സി പ്രസിഡന്റ്് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
സഹകരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദിവാകരനെതിരെ നടപടി സ്വീകരിക്കാന്‍ തലശ്ശേരി മണ്ഡലം കമ്മിറ്റിയാണ് ഡി.സി.സി നേതൃത്വത്തോട് ശുപാര്‍ശ ചെയ്തിരുന്നത്. ശനിയാഴ്ച ഡി.സി.സി ഓഫീസില്‍ വെച്ച് കെ. സുധാകരനോട് നേരിട്ട് തലശ്ശേരി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇന്നലെ തന്നെ നടപടി സ്വീകരിച്ചത.്
കാല്‍ നൂറ്റാണ്ടിലേറെയായി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി പ്രസിഡന്റായ ദിവാകരന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് നേതൃത്വം നേരത്തെ കണ്ടെത്തിയിരുന്നു. മൂന്ന് തവണയില്‍ കൂടുതല്‍ ഒരാള്‍ക്ക് സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതിയില്‍ ഇരിക്കാന്‍ അര്‍ഹതയില്ലെന്ന് കെ. സുധാകരന്‍ പ്രസിഡന്റായി വന്നതോടെ കെ.പി.സി.സി നേതൃത്വം തീരുമാനിച്ചിരുന്നു. ഇത്തവണയും ആശുപത്രി തെരഞ്ഞെടുപ്പില്‍ ദിവാകരനും അനുയായികളും മത്സരിക്കാന്‍ ഇറങ്ങിയതോടെ ഡി.സി.സി നേതൃത്വവും കെ.പി.സി.സി നേതൃത്വവും 13 അംഗ ഭരണ സമിതിയില്‍ ഡി.സി.സി നിര്‍േദശിക്കുന്ന ഔദ്യോഗിക പാനലിന് അഞ്ച് സീറ്റ് നല്‍കണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഒരു സീറ്റ് പോലും ഡി.സി.സി പാനലിന് നല്‍കില്ലെന്ന് മമ്പറം ദിവാകരന്‍ നിലപാടെടുത്തതോടെയാണ് ഡി.സി.സി നേതൃത്വത്തിന്റെ ഔദ്യോഗിക പാനലും പത്രിക സമര്‍പ്പിച്ച് മത്സര രംഗത്ത് സജീവമായത്. ഡിസംബര്‍ അഞ്ചിനാണ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ബ്രണ്ണന്‍ കോളേജ് വിവാദവുമായി ബന്ധപ്പെട്ട് കെ. സുധാകരനും മമ്പറം ദിവാകരനും നേര്‍ക്ക് നേര്‍ രംഗത്തെത്തിയിരുന്നു. കെ. സുധാകരന്‍ പക്വത കാണിക്കണമെന്നത് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ മമ്പറം ഉന്നയിച്ചിരുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന പിണറായി വിജയനെതിരെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മമ്പറം ദിവാകരനായിരുന്നു മത്സരിച്ചിരുന്നത്.