ന്യൂദല്‍ഹി- അടുത്ത മാസം 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് സാധാരണ പോലെ അനുമതി നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കുന്നു. കോവിഡ് വകഭേദമായ ഒമിക്രോണ്‍ പല രാജ്യങ്ങളിലും ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തിലാണ് രാജ്യാന്തര സര്‍വീസ് സാധാരണ നിലയിലാക്കാനുള്ള തീരുമാനം വീണ്ടും പരിശോധിക്കുന്നത്.
അതേസമയം, ഇപ്പോള്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന എയര്‍ ബബിള്‍ കരാറുകളെ ബാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പരിമിത സര്‍വീസുകള്‍ നടത്തുന്നതിന് വിവിധ രാജ്യങ്ങള്‍ ഉഭയകക്ഷി തലത്തില്‍ ഉണ്ടാക്കുന്നതാണ് എയര്‍ബബിള്‍ കരാര്‍.
കൂടുതല്‍ മാരകമായ ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കേന്ദ്രസര്‍ക്കാര്‍ ഇന്ന് പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തി. രാജ്യത്തെ കോവിഡ് സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആഗോള തലത്തില്‍ രൂപപ്പെടുന്ന പുതിയ സാഹചര്യം പരിശോധിച്ചായിരിക്കു റെഗുലര്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെന്ന് ഉന്നത യോഗത്തില്‍ അധ്യക്ഷത വഹിച്ച ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു.
യോഗത്തില്‍ നീതി ആയോഗ് അംഗം വി.കെ.പോള്‍ (ആരോഗ്യം) പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് വിജയ് രാഘവന്‍ എന്നിവരും ആരോഗ്യ, സിവില്‍ ഏവിയേഷന്‍ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.
20 മാസമായി നിര്‍ത്തിവെച്ചിരിക്കുന്ന അന്താരാഷ്ട്ര വിമന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ സാധാരണ നിലയിലാകുമെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്.