ന്യൂദൽഹി- തനിക്ക് അധികാരം വേണ്ടെന്നും ജനങ്ങളെ സേവിച്ചാൽ മാത്രം മതിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ 'മൻ കി ബാത്തി'ലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. പരിപാടിക്കിടെ കേന്ദ്രപദ്ധതിയായ ആയുഷ്മാൻ ഭാരത് യോജനയുടെ ഗുണഭോക്താവിനോടു സംസാരിക്കുകയായിരുന്നു മോഡി. ഇന്ത്യ വളർച്ചയുടെ ഘട്ടത്തിലാണെന്നും യുവാക്കൾ തൊഴിലന്വേഷകർ മാത്രമല്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവർ കൂടിയാണെന്നും മോഡി പറഞ്ഞു. കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും വ്യക്തമാക്കിയാണ് പ്രധാനമന്ത്രി പ്രഭാഷണം അവസാനിപ്പിച്ചത്.