സേലം-വില വര്‍ദ്ധിച്ചതോടെ അടുക്കളയില്‍ താരപരിവേഷമാണ് തക്കാളിയ്ക്ക്. ഹോട്ടലുകളിലും തക്കാളി ചേര്‍ത്തുള്ള വിഭവങ്ങള്‍ പ്രധാനമാണ് എന്നതിനാല്‍ വിലക്കയറ്റം കാര്യമായി ബാധിച്ചിട്ടുണ്ട്. ചിലര്‍ തക്കാളിയുടെ ഉപയോഗം പരമാവധി കുറച്ച് നഷ്ടം നികത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ വളരെ 'ക്രിയേറ്റീവ്' ആണ്. ഉദാഹരണത്തിന് സേലത്തിനടുത്ത് ഉദയര്‍പ്പട്ടി എന്ന് പേരുള്ള ചെറു പട്ടണത്തില്‍ ബിരിയാണിക്കട നടുത്തുന്ന ജി സാമുവേല്‍ രാജിന്റെ കാര്യം തന്നെയെടുക്കാം.
തക്കാളിയും ബിരിയാണിയും തമ്മില്‍ ബാര്‍ട്ടര്‍ ഡീലാണ് സാമുവേല്‍ രാജ് ഒരുക്കിയിരിക്കുന്നത്. ഒരു കിലോഗ്രാം തക്കാളിയുമായി കടയില്‍ വന്നാല്‍ നിങ്ങള്‍ക്ക് ഒരു കിലോ ബിരിയാണിയുമായി തിരികെ പോകാം എന്നാണ് ഓഫര്‍. എന്നാല്‍ അത് മാത്രമല്ല കച്ചവടം കൂട്ടാന്‍ സാമുവലിന്റെ പൊടിക്കൈ. ഒരു കിലോ ബിരിയാണി വാങ്ങുന്നവര്‍ക്ക് അര കിലോ തക്കാളി സൗജന്യമായി വീട്ടില്‍ കൊണ്ടുപോവാം. എങ്ങനെയുണ്ട് മാര്‍ക്കറ്റിങ്?
ബുധനാഴ്ച വൈകുന്നേരം സോഷ്യല്‍ മീഡിയയില്‍ ഓഫര്‍ പോസ്റ്റ് ചെയ്ത ശേഷം വ്യാഴം, വെള്ളി ദിവസങ്ങളില്‍ നിരവധിപേര്‍ തന്റെ ബിരിയാണിക്കട സന്ദര്‍ശിച്ചു എന്ന് സാമുവേല്‍ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല തുരുതുരാ ഫോണ്‍ കോളുകളുമുണ്ടായിരുന്നു. പക്ഷെ തക്കാളിയുംകൊണ്ട് ആരും ബാര്‍ട്ടര്‍ വില്‍്പനയ്ക്ക് വന്നില്ല എന്നതാണ് രസകരമായ കാര്യം. 'കടയില്‍ ആരും തക്കാളി കൊണ്ടുവന്നില്ല. പക്ഷെ ബിരിയാണിക്ക് നല്ല ഡിമാന്‍ഡ് ഉണ്ടായിരുന്നു, ഞാന്‍ ഉണ്ടാക്കിയ 80 ബിരിയാണികള്‍ കനത്ത മഴയ്ക്കിടയിലും ചൂടപ്പം പോലെ വിറ്റു, 'സാമുവേല്‍ പറഞ്ഞു.