പാസ്‌പോര്‍ട്ട് റദ്ദാക്കിയെന്ന് കേന്ദ്രം, നീരവ് മോഡി ന്യൂയോര്‍ക്കില്‍ 

ന്യൂയോര്‍ക്ക്- പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,300 കോടി രൂപ തട്ടി രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോഡി ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ എത്തിയതായി റിപ്പോര്‍ട്ട്. ലക്‌സ് മാഡിസണ്‍ അവന്യു ജ്വല്ലറിക്ക് സമീപം ജെ.ഡബ്ല്യു മാരിയറ്റ് എസ്.എക്‌സ് ഹൗസിലാണ് നീരവ് മോഡി താമസിക്കുന്നത്. 
നീരവിന്റെ പാസ്‌പോര്‍ട്ട് അസാധുവാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ന്യൂയോര്‍ക്കില്‍ എത്തിയത്. 
നീരവ് മോഡിയും അദ്ദേഹത്തിന്റെ ബന്ധുക്കളും ബിസിനസ് പങ്കാളിയും ചേര്‍ന്ന് വ്യാജ ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് കോടി കണക്ക് രൂപ തട്ടിയെടുത്തെന്നാണ് കേസ്. 
ജനുവരി ഒന്നാം തീയതിയാണ് നീരവ് ഇന്ത്യ വിട്ടത്. ഇതിന് ശേഷം ദാവോസില്‍ നടന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം അദ്ദേഹം വേദി പങ്കിടുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. നീരവ് മോഡിയും കുടുംബവും നാടുവിട്ടതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും അദ്ദേഹത്തിന്റെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുകയും സ്വര്‍ണവും വജ്രവും ഉള്‍പ്പെടെ 5100 കോടി രൂപയുടെ സ്വത്തുകള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.
രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയ എന്‍ഫോഴസ്മെന്റ് ഡയറക്ടറേറ്റാണ് 5,100 കോടി രൂപ വിലമതിക്കുന്ന രത്നങ്ങളും ആഭരണങ്ങളും സ്വര്‍ണവും പിടിച്ചെടുത്തത്. ദല്‍ഹി, മുംബൈ, ഹൈദരാബാദ്, സൂറത്ത് എന്നിവിടങ്ങളിലെ നീരവ് മോഡി ആന്റ് ഗീതാജ്ഞലി ജെംസ് ഷോറൂമുകളില്‍ നിന്നാണ് ഇവ പിടിച്ചെടുത്ത്.

ഇതിനു പുറമെ നീരവ് മോഡിയുടെയും സ്ഥാപനങ്ങളുടേയും പേരിലുള്ള 3.9 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും മരവിപ്പിച്ചിട്ടുണ്ട്. ചില രേഖകള്‍ പിടിച്ചെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. മോഡിയെ കൂടാതെ ഭാര്യ അമി, സഹോദരന്‍ നിശാല്‍ ബിസിനസ് പങ്കാളി മെഹുല്‍ ചോക്സി എന്നിവര്‍ക്കെതിരെ പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ പരാതിയിലാണ് നടപടി. 

ബാങ്കിങ് സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആരേയും എത്ര വലിയവരായാലും സര്‍ക്കാര്‍ വെറുതെ വിടില്ലെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

മോഡി ജനുവരി ഒന്നിനു രാജ്യം വിട്ടിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വന്ന വിവരം. ബെല്‍ജിയം പൗരനായ സഹോദരന്‍ നിശാലും ഇതേ ദിവസം തന്നെ വിദേശത്തേക്ക് കടന്നപ്പോള്‍ അമേരിക്കന്‍ പൗരയായ മോഡിയുടെ ഭാര്യ അമിയും ഗീതാഞ്ജലി ജുവല്‍റി ശൃംഖലയുടെ ഇന്ത്യയിലെ പ്രോമോട്ടറായ മെഹുല്‍ ചോക്സിയും ജനുവരി ആറിനും ഇന്ത്യ വിട്ടു എന്നാണ് വിവരം.

Latest News