കണ്ണൂർ - കോൺഗ്രസ്മുക്ത ഭാരതമെന്ന ചിലരുടെ സ്വപ്നം ഇന്ത്യയിൽ നടക്കാൻ പോകുന്നില്ലെന്ന് കഥാകൃത്ത് പത്മനാഭൻ. കെ.മുരളീധരൻ എം.പി നയിക്കുന്ന ജനജാഗരൺ പദയാത്രയുടെ ഭാഗമായി കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന സമാപന വേദിയിൽ സ്നേഹാദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പത്മനാഭൻ.
കോൺഗ്രസിനെ നശിപ്പിക്കാൻ ആരു വിചാരിച്ചാലും സാധ്യമല്ല. കോൺഗ്രസ് നശിക്കണമെങ്കിൽ കോൺഗ്രസ് തന്നെ വിചാരിക്കണം. പാർട്ടിയിൽ ഗ്രൂപ്പില്ലെന്ന് പറയാൻ പറ്റില്ല. എല്ലാ പാർട്ടിയിലും ഗ്രൂപ്പുണ്ട്. എന്നാൽ ആരും പരസ്യമാക്കുന്നില്ലെന്ന് മാത്രം.
കോൺഗ്രസ് ഇല്ലാതാകുമെന്ന ചിലരുടെ മോഹം വ്യാമോഹമാണ്. 1943 മുതൽ ഞാൻ ഖാദി ധരിച്ചുതുടങ്ങി. ലോകത്തിലെ മുഴുവൻ രാജ്യത്തും സഞ്ചരിച്ച് യാത്രാവിവരണവും എഴുതിയിട്ടുണ്ട് . എന്നാൽ യാത്രചെയ്യുമ്പോഴൊക്കെ ഖദർവസ്ത്രമാണ് ധരിച്ചിരുന്നത്. ഇത് എന്റെ മാതൃക. രാജ്യത്തിന്റെ അഭിമാനമായിരുന്ന വി.കെ കൃഷ്ണ മേനോൻ കോട്ടും സ്യൂട്ടും ധരിച്ചിരുന്നുവെങ്കിലും യു.എൻ രക്ഷാസമിതി യോഗത്തിലടക്കം പോകുമ്പോൾ കേരളീയ വേഷ മായ മുണ്ടും ജുബ്ബയും വേഷ്ടിയുമാണ് ധരിച്ചിരുന്നത്. ഇത് നമ്മുടെ നാടിന്റെ അഭിമാനവസ് ത്രമാണ്.എനിക്ക് ഒരാഗ്രമേയുള്ളൂ. മരണശേഷം പയ്യാമ്പലത്ത് കൊണ്ടുപോകുമ്പോൾ ത്രിവർണ പതാക പുതപ്പിക്കണം. പത്മനാഭൻ പറഞ്ഞു.