ബെംഗളുരു- എന്‍ജിനില്‍ തീപ്പിടുത്തമെന്ന് തെറ്റായ മുന്നറിയിപ്പിനെ തുടര്‍ന്ന് ബെംഗളുരു-പട്‌ന ഗോഫസ്റ്റ് (ഗോഎയര്‍) വിമാനം വഴിതിരിച്ചു വിട്ടു സുരക്ഷിതമായി നാഗ്പൂരില്‍ ഇറക്കി. എയര്‍ബസ് എ320 വിമാനത്തിലെ മുന്നറിയിപ്പു സംവിധാനം തെറ്റായി പ്രവര്‍ത്തിച്ചതാണെന്നാണ് പ്രാഥമിക വിവരം. സംഭവം ഡിജിസിഎ അന്വേഷിക്കുന്നുണ്ട്. വിമാനത്തിലെ മുന്നറിയിപ്പു സംവിധാനത്തിലെ സാങ്കേതിക പിഴവാണ് കാരണമെന്ന് കരുതുന്നു. എഞ്ചിനില്‍ നിന്ന് തെറ്റായ മുന്നറിയിപ്പ് കോക്പിറ്റില്‍ കാണിച്ചതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി പൈലറ്റിന് എഞ്ചിന്‍ നിര്‍ത്തിവെക്കേണ്ടി വന്നതായി ഗോഎയര്‍ അറിയിച്ചു. തുടര്‍ന്ന് സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് പൈലറ്റ് വിമാനം നാഗ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയതായും എല്ലാ യാത്രക്കാരും സുരക്ഷിതരായി പുറത്തിറങ്ങിയെന്നും കമ്പനി അറിയിച്ചു.