Sorry, you need to enable JavaScript to visit this website.

മെര്‍ക്കിന്റെ കോവിഡ് ഗുളിക കൊണ്ട് കാര്യമായ ഫലമില്ലെന്ന് പുതിയ പരീക്ഷണ ഫലം

വാഷിങ്ടന്‍- യുഎസ് മരുന്ന് കമ്പനി മെര്‍ക്ക് വികസിപ്പിച്ച ഗുളിക രൂപത്തിലുള്ള കോവിഡ് മരുന്നായ മൊല്‍നുപിരവിറിന് കാര്യമായ ഫലപ്രാപ്തിയില്ലെന്ന് പുതിയ പരീക്ഷണ ഫലങ്ങള്‍. ഈ മരുന്ന് കോവിഡ് മൂലമുള്ള മരണങ്ങളും ആശുപത്രിവാസവും കുറക്കാനാകുമെന്നായിരുന്നു നേരത്തെയുള്ള അവകാശവാദം. കോവിഡ് ചികിത്സാ രംഗത്ത് വലിയ വിപ്ലവമാകുമെന്നും കൊട്ടിഘോഷിച്ചിരുന്നു. എന്നാല്‍ മരുന്ന് നിര്‍മാതാക്കളായ മെര്‍ക്ക് പുറത്തുവിട്ട ഏറ്റവും പുതിയ റിപോര്‍ട്ടിലാണ് മരുന്നിന് ഫലപ്രാപ്തി കുറവാണെന്ന് വ്യക്തമാക്കുന്നത്. 775 രോഗികളില്‍ നേരത്തെ നടത്തിയ പരീക്ഷണത്തില്‍ 50 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു ആദ്യ റിപോര്‍ട്ട്. കഴിഞ്ഞ ദിവസം മെര്‍ക്ക് പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നത് ഈ മരുന്ന് 30 ശതമാനം മാത്രമെ മരണങ്ങളും ഹോസ്പിറ്റലൈസേഷനും കുറക്കൂവെന്നാണ്. 1433 രോഗികളില്‍ നടത്തിയ പരീക്ഷണ ഫലമാണിത്. 

ഈ ഗുളികയ്ക്ക് അംഗീകാരം നല്‍കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചൊവ്വാഴ്ച വിദഗ്ധ സമിതി യോഗം ചേരാനിരിക്കുകയാണ്. ഇതിനു മുന്നോടിയായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വെള്ളിയാഴ്ച ഏതാനും പഠനം വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു തൊട്ടുമുമ്പായാണ് മെര്‍ക്ക് പുതിയ ഫലം പുറത്തു വിട്ടത്. 

Latest News