ജയ്പൂര്‍- ജയ്പൂരിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ നടന്ന വിവാഹ ചടങ്ങിനിടെ അജ്ഞാത സംഘം രണ്ടു കോടി രൂപയുടെ ആഭരണങ്ങളും പണവും മോഷ്ടിച്ചു കടന്നു. ഹോട്ടല്‍ മുറിയിലാണ് മോഷണം നടന്നത്. മുറിയിലുള്ളവര്‍ ഹോട്ടലിനു പുറത്ത് ലോണില്‍ നടക്കുന്ന ചടങ്ങിലായിരുന്നു. മുംബൈയിലെ വ്യവസായി രാഹുല്‍ ഭാട്ടിയയുടെ മകളുടെ വിവാഹത്തിനിടെയാണ് സംഭവം. ഹോട്ടല്‍ ക്ലാര്‍ക്‌സ് അമെറിലെ ഏഴാം നിലയിലെ മുറികളിലായിരുന്നു ഭാട്ടിയയും കുടുംബവും തങ്ങിയിരുന്നത്. ഇതില്‍ ഒരു മുറിയിലായിരുന്നു രണ്ടു കോടി രൂപ വിലമതിക്കുന്ന രത്‌ന ആഭരണങ്ങളും 95000 രൂപയും സൂക്ഷിച്ചിരുന്നത്. ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെയാണ് മോഷണം നടന്നതെന്നാണ് ഭാട്ടിയയുടെ പരാതിയില്‍ പറയുന്നതെന്നും പോലീസ് പറഞ്ഞു.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് ഹോട്ടല്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.