ന്യൂദല്‍ഹി-ലോകമൊട്ടാകെ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ആശങ്കയുയര്‍ത്തുന്നതില്‍ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച രാവിലെ 10.30നാണ് യോഗം നടക്കുക. കേന്ദ്രസര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.നേരത്തെ, ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിനാണ് (ബി.1.1.529) 'ഒമിക്രോണ്‍' എന്ന് പേരിട്ടത്. വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ യോഗത്തിലാണ് പുതിയ വകഭേദത്തെ ഏറ്റവും വേഗത്തില്‍ പടരുന്ന ഇനമെന്ന വിഭാഗത്തില്‍ പെടുത്തിയത്. അന്താരാഷ്ട്രതലത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് ഒമിക്രോണ്‍ എന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. നിലവില്‍ ഏറ്റവും വ്യാപനശേഷിയുള്ളതായി കണക്കാക്കിയിട്ടുള്ള ഡെല്‍റ്റ വകഭേദവും ഈ വിഭാഗത്തിലാണ്. അതിവേഗ മ്യൂട്ടേഷന്‍ (രൂപമാറ്റം) സംഭവിക്കുന്ന വൈറസ്, ശരീരത്തിലേക്ക് കടക്കാന്‍ സഹായിക്കുന്ന വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ മാത്രം 30 പ്രാവശ്യം മ്യൂട്ടേഷന്‍ സംഭവിക്കും. കൂടുതല്‍ രോഗബാധിതരും ചെറുപ്പക്കാരാണെന്നതാണ് വലിയ ആശങ്കയുണ്ടാക്കുന്നത്.