ഭോപാല്‍- മേല്‍ജാതിക്കാരെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ശ്രീ രാഷ്ട്രീയ കര്‍ണി സേന ഭോപാലില്‍ മന്ത്രി ബിസാഹുലാല്‍ സിങിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപത്തായിരുന്നു പ്രതിഷേധം. മേല്‍ജാതി സമുദായങ്ങളിലെ സ്ത്രീകളെ വീട്ടില്‍ നിന്ന് വലിച്ചിറക്കി പണി എടുപ്പിച്ചാലെ അവര്‍ ശാക്തീകരിക്കപ്പെടുകയും പുരുഷന്‍മാര്‍ക്കൊപ്പം തുല്യാവസരം ലഭിക്കൂവെന്നുമാണ് ബുധനാഴ്ച ഒരു ചടങ്ങില്‍ മന്ത്രി ബിസാഹുലാല്‍ പറഞ്ഞത്. മന്ത്രിയുടെ വാക്കുകള്‍ രജപുത് സമുദായത്തെ അവഹേളിക്കുന്നതാണെന്ന് കര്‍ണി സേന ആരോപിച്ചു. മന്ത്രിയെ കാണുന്നിടത്തുവച്ച് മുഖത്ത് കരിമഷി ഒഴിക്കാനാണ് കര്‍ണി സേന സംസ്ഥാന സെക്രട്ടറി ശൈലേന്ദ്ര സിങ് ഝാല നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നും സംഘടനയുടെ ഭോപാല്‍ ജില്ലാ അധ്യക്ഷന്‍ കൃഷ്ണ ബുന്ദേല പറഞ്ഞു. മുന്നൂറോളം കര്‍ണി സേന പ്രവര്‍ത്തകരാണ് മന്ത്രിയുടെ വസതിക്കു സമീപം പ്രതിഷേധവുമായി എത്തിയത്. എന്നാല്‍ ഇവരെ പോലീസ് തടഞ്ഞു. മന്ത്രി മാപ്പു പറഞ്ഞില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ച ഇവര്‍ മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.
തന്റെ പരാമര്‍ശം വിവാദമായതോടെ ബിസാഹുലാല്‍ വെള്ളിയാഴ്ച പരസ്യമായി മാപ്പു പറഞ്ഞു. ആരുടേയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നതായും ഏതെങ്കിലും സമുദായത്തെ ഇകഴ്ത്താനല്ല അങ്ങനെ പറഞ്ഞതെന്നും ബിസാഹുലാല്‍ പറഞ്ഞു. എല്ലാ സ്ത്രീകളും സാമുഹ്യ സേവനത്തിനായി രംഗത്തിറങ്ങണമെന്നാണ് പറഞ്ഞത്. ഠാക്കൂര്‍ സ്ത്രീകളെ കുറിച്ചോ മധ്യപ്രദേശിലെ സ്ത്രീകളെ കുറിച്ചോ അല്ല സംസാരിച്ചത്. എന്റെ വാക്കുകള്‍ തെറ്റായിരുന്നു എന്ന് കരുതുന്നില്ല. എങ്കിലും ആര്‍ക്കെങ്കിലും വേദനിച്ചുവെങ്കില്‍ മാപ്പു ചോദിക്കുന്നു- മന്ത്രി പറഞ്ഞു.