ന്യൂദല്‍ഹി- നിതി അയോഗ് പ്രസിദ്ധീകരിച്ച ദേശീയ ബഹുമുഖ ദാരിദ്യ സൂചിക(MPI)യില്‍ ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം. NITI Ayog റിപോര്‍ട്ട് പ്രകാരം ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ദരിദ്ര ജനങ്ങളുള്ളത്. ബിഹാറില്‍ ജനസംഖ്യയുടെ 51.91 ശതമാനം പേരും ദരിദ്രരാണെന്ന് നിതി അയോഗ് റിപോര്‍ട്ട് പറയുന്നു. ജാര്‍ഖണ്ഡില്‍ 42.16 ശതമാനവും യുപിയില്‍ 37.79 ശതമാനവുമാണ് ദരിദ്രര്‍. നാലാം സ്ഥാനത്തുള്ള മധ്യപ്രദേശില്‍ 36.65 ശതമാനവും അഞ്ചാം സ്ഥാനത്തുള്ള മേഘാലയയില്‍ 32.67 ശതമാനവുമാണ് ദരിദ്രര്‍. എന്നാല്‍ കേരളത്തില്‍ 0.71 ശതമാനം മാത്രമാണ്. ദാരിദ്ര്യം ഏറ്റവും കുറഞ്ഞ മറ്റു സംസ്ഥാനങ്ങളായ ഗോവയില്‍ 3.76 ശതമാനവും സിക്കിമില്‍ 3.82 ശതമാനവുമാണ് ദരിദ്രര്‍.
പോഷകാഹരക്കുറവുള്ള ഏറ്റവും കൂടുതല്‍ ജനങ്ങളുള്ളത് ബിഹാറിലാണ്. ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് മറ്റുള്ളവ. മാതൃ ആരോഗ്യം, സ്‌കൂളില്‍ പോകാത്തവര്‍, സ്‌കൂള്‍ ഹാജര്‍ നില, പാചകത്തിന് ഇന്ധനവും വൈദ്യുതിയും ഇല്ലാത്തവര്‍ എന്നീ വിഭാഗങ്ങളില്ലാം ഏറ്റവും മോശം നിലയിലാണ് ബിഹാര്‍. കുട്ടികളുടെ ആരോഗ്യത്തിലും കൗമാര മരണനിരക്കിലും യുപി ഏറ്റവും മോശം നിലയിലാണ്.
As per @NITIAayog's Multi Dimensional Poverty Index, Kerala has the lowest percentage of population who are poor, 0.71%. Our unwavering commitment towards social welfare is reflected in this achievement, which will be a huge boost to our efforts to eradciate extreme poverty.
— Pinarayi Vijayan (@vijayanpinarayi) November 26, 2021
ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട യുഎന്‍ ഡെവലപ്‌മെന്റ് പ്രോഗാം, ഓക്‌സ്ഫഡ് പോവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡെലവപ്‌മെന്റ് ഇനീഷ്യേറ്റിവ് എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച മികച്ച ദാരിദ്ര്യ മാനക രീതിശാസ്ത്രം ഉപയോഗിച്ചാണ് നിതി ആയോഗ് ദേശീയ ദാരിദ്ര്യ സൂചികയും തയാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ കുടുംബങ്ങള്‍ നേരിടുന്ന ബഹുവിധ ദാരിദ്യ അവസ്ഥകളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ റിപോര്‍ട്ട്. പോഷകാഹാര നില, കുട്ടികളുടേയും കൗമാരക്കാരുടേയും മരണ നിരക്ക്, ഗര്‍ഭകാല പരിചരണം, സ്‌കൂള്‍ വിദ്യാഭ്യാസം, സ്‌കൂളിലെ ഹാജര്‍ നില, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി ലഭ്യത, വീട്, ആസ്തി തുടങ്ങിയ എല്ലാം വിലയിരുത്തുന്നതാണ് ഈ റിപോര്‍ട്ട്.