ലണ്ടന്‍- ദക്ഷിണാഫ്രിക്കയില്‍ പ്രചരിക്കുന്ന പുതിയ കോവിഡ് വേരിയന്റ് ബ്രിട്ടീഷുകാരെ പരിഭ്രാന്തരാക്കി. വിവിധ രാജ്യങ്ങളില്‍നിന്ന്, വിശിഷ്യാ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് അവര്‍ പാഞ്ഞോടുകയാണ്. ഇതുമൂലം വിമാനത്താവളങ്ങളില്‍ വന്‍ തിരക്ക് രൂപപ്പെട്ടു.
കേപ് ടൗണില്‍നിന്ന് ആംസ്റ്റര്‍ഡാം വഴി മാഞ്ചസ്റ്ററിലേക്ക് പറന്ന കാത്തി ഹൊഗാര്‍ട്ട് അവരിലൊരാള്‍ മാത്രം. ദക്ഷിണാഫ്രിക്കയില്‍നിന്ന് ഷിഫോള്‍ വിമാനത്താവളത്തില്‍ എത്തിയ രണ്ട് വിമാനങ്ങളില്‍ ഒന്നില്‍ അവര്‍ ഉണ്ടായിരുന്നു.
'ഇത് വലിയ കുഴപ്പമാണ്,' അവര്‍ പറഞ്ഞു, 'സാമൂഹിക അകലം ആരും പാലിക്കുന്നില്ല. ഇവിടെ 1,000 ത്തിലധികം ആളുകളുണ്ട്. ഫോണ്‍ ചാര്‍ജ് തീര്‍ന്നതിനാല്‍ ആളുകള്‍ ആശങ്കാകുലരാണ്, കുട്ടികള്‍ കരയുന്നു, ഇത് നല്ല അനുഭവമായിരുന്നില്ല, ആളുകള്‍ അവരുടെ കുടുംബങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു.'
പി.സി.ആര്‍ പരിശോധനക്കായി ഇറങ്ങുന്നതിന് മുമ്പ് തന്നെയും മറ്റ് യാത്രക്കാരെയും നാല് മണിക്കൂര്‍ വിമാനത്തില്‍ നിര്‍ത്തിയതായി കാത്തി പറയുന്നു. ആരോഗ്യ, സുരക്ഷാ പ്രശ്നങ്ങള്‍ കാരണം കാറ്ററിംഗ് കമ്പനിയെ വിമാനത്തിന് അടുത്തേക്ക് പോകാന്‍ അനുവദിച്ചില്ലെന്നും അതിനാല്‍ അവര്‍ക്ക് ഒരു ചോക്ലേറ്റ് ബ്രൗണി മാത്രമാണ് കിട്ടിയതെന്നും അവര്‍ ് പറഞ്ഞു.
'എനിക്ക് ക്ഷീണവും നിരാശയും തോന്നുന്നു. എനിക്ക് ഇപ്പോള്‍ എന്റെ കുടുംബത്തിലെത്തണം. ഡച്ച് അധികാരികളുടെ ഭാഗത്ത് വലിയ അനാസ്ഥയാണ്. ഇതുപോലുള്ള കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരു അടിയന്തര പദ്ധതിയും അവര്‍ക്കില്ല- കാത്തി കുറ്റപ്പെടുത്തി.