കോഴിക്കോട്- ജില്ലയിൽ ഭീതി പരത്തി സിക വൈറസ് ബാധ. എന്നാൽ, ഇതുമായി ബന്ധപ്പെട്ട വാർത്തകളിൽ പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഉമ്മർ ഫാറൂഖ് അറിയിച്ചു. സംസ്ഥാനത്തിനു പുറത്ത് നിന്നും രോഗലക്ഷണങ്ങളുമായി എത്തിയ സ്ത്രീയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കുന്നതിനിടയിൽ നവംബർ 16 ന് അയച്ച രക്ത സാംപിളിലാണ് സിക രോഗബാധ കാണുന്നത്. പിന്നീട് ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനാ ഫലവും പോസിറ്റീവായി. ഈ സ്ത്രീക്ക് ഇതിനകം അസുഖം ഭേദമാകുകയും ചെയ്തിട്ടുണ്ട്. ഇതുവരെ മറ്റ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എല്ലാവരും സ്വീകരിക്കണം. സിക വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പ്രദേശത്ത് 652 വീടുകളിൽ സർവെ നടത്തുകയും പ്രദേശത്തെ കൊതുകിന്റെ സാന്ദ്രതയെ കുറിച്ച് പഠനം നടത്തി കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സോണൽ എന്റമോളജി യൂണിറ്റും ജില്ലാ പ്രാണി നിയന്ത്രണ യൂണിറ്റും നടത്തിയ പഠനത്തിൽ ഈഡിസ് ആൽബൊ പിക്റ്റസ് വർഗത്തിൽ പെട്ട കൊതുകുകളെയാണ് ഈ പ്രദേശത്ത് കണ്ടെത്താനായത്. പ്രദേശത്തെ ആരോഗ്യ പ്രവർത്തകർ ഇവിടെ രണ്ട് തവണ ഫോഗിംഗ് നടത്തുകയും കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ കൊതുകുജന്യ രോഗങ്ങൾ തടയുന്നതിന് തുടർച്ചയായ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്.